തിരുവനന്തപുരം:
നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ 11 ബില്ലുകളാണ് സഭ പാസാക്കിയത്. സർവകലാശാല, ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്
ഗവർണർ ഇന്ന് ഡൽഹിയിലേക്ക് പോകും. അടുത്ത മാസം ആദ്യമാകും ഇനി തിരിച്ചുവരിക. കേരള സർവകലാശാലാ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിസി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് ഇതുവരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. 
യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികൾ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിർദേശിക്കാതെ സർവകലാശാല ഒഴിഞ്ഞുമാറുകയാണ്. രണ്ട് അംഗങ്ങളെ ഗവർണർ തീരുമാനിച്ചിട്ട് ആഴ്ചകൾ പിന്നിട്ടതോടെയാണ് രാജ് ഭവൻ പുതിയ നിർദേശം നൽകിയത്.