തിരുവനന്തപുരം: കേരള സർക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിലേക്ക് പോകും. വിവാദ ബില്ലുകൾ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളിൽ ഒപ്പിടമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവർണർ ഉത്തരേന്ത്യയിലേക്ക് പോകുന്നത്.

രാജ്ഭവനിൽ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവർണർ തൻറെ വ്യവസ്ഥകൾ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബിൽ, സർവ്വകലാശാല നിയമ ഭേഗതി ബിൽ എന്നിവയിൽ ഒപ്പിടില്ലെന്ന് ഗവർണർ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ഗവർണ്ണറുടെ പരിഗണന കാത്തിരിക്കുന്നത് 11 ബില്ലുകളാണ്. കൂടുതൽ വ്യക്തതക്കായി മന്ത്രിമാർ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവർണർ സർക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് ഗവർണർ വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന് വിശദീകരിക്കാൻ എത്തിയില്ലെങ്കിൽ ബാക്കിയുള്ള ഒൻപത് ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്.

അതിനിടെ സർക്കാരുമായുള്ള പോരിൽ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള വി സി നിയമനത്തിലും നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സർവ്വകലാശാല വി സി നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന നി‍ർദ്ദേശം ഗവർണർ സർവകലാശാലക്ക് നൽകിയിട്ടുണ്ട്. വി സി നിയമനത്തിന് ഗവർണ്ണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇത് വരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവർണ്ണർ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യുജിസിയുടേയുും ഗവർണ്ണറുടെയും പ്രതിനിധികൾ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിർദ്ദേശിക്കാതെ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണ് .നേരത്തെ ആസൂത്രണ ബോർഡ് അംഗം വികെ രാമചന്ദ്രനെ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു. രണ്ട് അംഗങ്ങളെ ഗവർണ്ണർ തീരുമാനിച്ചിട്ട് ആഴ്ച്ചകൾ പിന്നിട്ടതോടെയാണ് രാജ്ഭവൻ പുതിയ നിർദ്ദേശം നൽകിയത്. നിലവിലെ സാഹചര്യമനുസരിച്ച് സെർച്ച് കമ്മറ്റിയിൽ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമം ആകാൻ കാത്തിരിക്കുകയാണ് കേരള സർവ്വകലാശാല. ഒക്ടോബർ 24 നു വി സിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് ഗവർണർ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here