ഷൈന്‍ സക്കറിയയിടെ ഫേസ് ബുക് കുറിപ്പ്

കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് (സെപ്‌തംബർ 20 ) 108 വർഷം തികയുന്നു. പ്രസ്‌തുത അപകടത്തിന് കാരണക്കാരൻ ഒരു തെരുവ് നായയും . 1914 സെപ്തംബർ 20 നായിരുന്നു ഈ അപകടം നടന്നത്. അപകടംമൂലം ഉണ്ടായ ആഘാതത്തിൽ രണ്ടു ദിവസത്തിനുശേഷം ‘കേരള കാളിദാസൻ’ എന്ന മറുപേരുള്ള കേരളവർമ്മ വലിയകോയിത്തമ്പുരാൻ നാട് നീങ്ങി. ഇന്ത്യയിൽ ആദ്യമായി കാറപകടത്തിൽ മരിച്ച വ്യക്തിയാണ് അദ്ദേഹം എന്നും പറയപ്പെടുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിൽ എല്ലാ വർഷവും തൊഴാൻ പോകുന്ന പതിവുള്ള ആളായിരുന്നു കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1914 സെപ്തംബർ 13 ന് പതിവുള്ള വഴിപാടുകൾക്കുശേഷം ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ താമസിച്ച അദ്ദേഹം രാവിലെ പ്രാതൽ കഴിഞ്ഞ് അനന്തരവനായ കേരള പാണിനി ഡോ . എ .ആർ. രാജരാജവർമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്തേക്ക് കാറിൽ പുറപ്പെട്ടു. ഗുസ്തിക്കാരൻ അയ്‌മനം കുട്ടൻപിള്ളയായിരുന്നു കാറിൻറെ ഡ്രൈവർ. വലിയകോയിത്തമ്പുരാൻറെ പരിചാരകനായ തിരുമുൽപ്പാടും ഉൾപ്പടെ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
ഹരിപ്പാട് നിന്നും പുറപ്പെട്ട് മാവേലിക്കര – കായകുളം വഴി തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു പദ്ധതി. മാവേലിക്കര കഴിഞ്ഞു കുറ്റിത്തെരുവ് അടുത്തപ്പോഴാണ് ഒരു തെരുവുനായ ഇവർ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ ചാടിയത്. രാജകുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന അക്കാലത്തെ കാറുകൾക്ക് ഘനം കുറവാണ് . പ്രത്യേക വേഷം ധരിച്ച അകമ്പടിക്കാർക്ക് നിൽക്കുവാൻ തരത്തിലുള്ള പലകകൾ വശങ്ങളിൽ ഉണ്ടായിരുന്നു. അകമ്പടിക്കാരിൽ ഒരാൾ കുറുകെച്ചാടിയ നായയെ കാലുകൊണ്ട് തൊഴിച്ചോടിക്കാൻ ശ്രമിച്ചപ്പോഴാണ് കാറിന് ഇളക്കം ഉണ്ടായതും നിരങ്ങിനീങ്ങി വഴിയരികിലെ ചെറുകുഴിയിലേക്ക് മറിഞ്ഞുവീണതും.
ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ കുഴിയിൽ കിടന്ന കാറിൽ നിന്നും പുറത്തെടുത്തു. നാട്ടുകാർക്ക് മുൻപിൽ ധൈര്യസമേതം എ .ആർ. രാജരാജവർമ്മ വലിയകോയിത്തമ്പുരാനെ എഴുന്നേൽപ്പിച്ച് സമീപത്തുള്ള വീട്ടിൽ ഇരുത്തി പ്രഥമശുശ്രൂഷ നൽകി. വലിയകോയിത്തമ്പുരാൻറെ നെഞ്ചിൻറെ വലതുവശം ഇടിച്ചതൊഴിച്ചാൽ പ്രത്യക്ഷത്തിൽ മറ്റു പരുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പരിചാരകനായ തിരുമുൽപ്പാടിൻറെ കാലിന് ഒടിവുണ്ടായി.
പിന്നീട് കൃഷ്‌ണപുരത്തുനിന്ന് കൊണ്ടുവന്ന ഒരു പല്ലക്കിൽ(മേനാവ് ) എ .ആർ. രാജരാജവർമ്മയുടെ മാവേലിക്കരയിലെ വസതിയായ ശാരദാമന്ദിരത്തിലേക്ക് എത്തിച്ചു . പ്രശസ്‌ത ഡോക്ടർ വല്ല്യത്താൻ വലിയകോയിത്തമ്പുരാൻറെ ആരോഗ്യസ്ഥിതി പരിശോധിച്ച് ചികിത്സ ആരംഭിച്ചു. എ .ആർ. രാജരാജവർമ്മയും മാവേലിക്കര ഉദയവർമ്മത്തമ്പുരാനും ആണ് അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. എന്നാൽ, 1914 സെപ്‌തംബർ 22ന് രാവിലെ എ .ആർ. രാജരാജവർമ്മയുടെ കരങ്ങളിലേക്ക് വീണ് അമ്മാവൻ തിരുമനസ്സ് ഇഹലോകവാസം വെടിഞ്ഞു.
എ .ആർ. രാജരാജവർമ്മയുടെ മക്കളായ എം.ഭാഗീരഥിയമ്മ തമ്പുരാനും എം.രാഘവവർമ്മത്തമ്പുരാനും ചേർന്നെഴുതിയ ‘എ .ആർ. രാജരാജവർമ്മ’ എന്ന ഗ്രന്ഥത്തിലും കാറപകടം പരാമർശിക്കുന്നുണ്ട്. അന്ന് വലിയകോയിത്തമ്പുരാനെ കൊണ്ടുവന്ന പല്ലക്ക് ഇന്നും ശാരദാമന്ദിരത്തിൻറെ താഴത്തെ നിലയിൽ സംരക്ഷിച്ചുവരുന്നു.

Courtesy. KL05 എന്‍റെ കോട്ടയം ഗ്രൂപ്പില്‍ വന്ന കുറിപ്പ്