കാട്ടുപന്നിയുടെ ആക്രമണം; സിപിഐ എൽ.സി അംഗത്തിനും മകൾക്കും ഗുരുതര പരിക്ക്

Advertisement

തിരുവനന്തപുരം: കുറ്റിച്ചലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. സി പി ഐ കുറ്റിച്ചൽ ലോക്കൽ കമ്മറ്റി അംഗവും കേരള മഹിളാസംഘം നേതാവുമായ അഡ്വ. മിനിക്കും മകൾ ദയയ്ക്കുമാണ് പരിക്കേറ്റത്. രാവിലെ ആറരയ്ക്ക് സ്കൂട്ടറിൽ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേയ്ക്ക് വരുമ്പോൾ ദേവൻ കോട് ഭാഗത്ത് വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ അടിമാലിയിൽ കഴിഞ്ഞ ദിവസം മന്നാംകാലയിൽ കൃഷി നശിപ്പിച്ച ശേഷം കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് അധികൃതർ വെടിവെച്ചു കൊന്നിരുന്നു. അടിമാലി കണ്ണപ്രക്കൽ അജയകുമാരിയുടെ പുരയിടത്തിലെ പഴയ കിണറ്റിലേക്ക് വീണ കാട്ടുപന്നിയെയാണ് ഫോറസ്റ്റ് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് അധികൃതർ വെടിവെച്ചുകൊന്നത്. ഇവിടെ സംരക്ഷണ വേലിയില്ലാത്ത കിണറ്റിലാണ് കാട്ടുപന്നിയെ വീണ നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ നിന്നും ശബ്ദം കേട്ടെത്തിയപ്പോഴാണ് വീട്ടുകാർ കാട്ടുപന്നിയെ കണ്ടത്.

തുടർന്ന് ബീറ്റ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പനംകൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തുകയായിരുന്നു. ശേഷമാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. ഏകദേശം 10 വയസ് പ്രായമുള്ള പെൺ പന്നിയെയാണ് കൊന്നതെന്നാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് വ്യക്തമാക്കിയത്. വനത്തിൽ നിന്നും കൃഷി ഭൂമിയിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം എന്ന സർക്കാർ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവെച്ചു കൊന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.എസ് സബിൻ, വി. ആർ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഈ പ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂഷമായിരുന്നതായാണ് കർഷകർ പറയുന്നത്. കർഷകരുടെ ഭൂമിയിലെ കപ്പ, കാച്ചിൽ തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് പതിവായിരുന്നു.

Advertisement