മോദിയെക്കുറിച്ചുള്ള പുസ്തകം: വിവാദമായതോടെ തിരികെവച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ മോദിയെക്കുറിച്ചുള്ള പുസ്തകം വിവാദമായതോടെ തിരികെവച്ചു. ‘നാക്’ പരിശോധകസംഘം വെള്ളിയാഴ്‌ച ലൈബ്രറി സന്ദർശിക്കാനിരിക്കെയാണ് പുസ്തകം തിരികെവച്ചത്.

സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറിയിലെ പ്രദർശന ബോർഡിൽനിന്ന് ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകമാണ് ഇന്നലെ നീക്കിയത്. വിവാദമായതോടെ പുസ്തകം തിരികെവച്ചു. നരേന്ദ്രമോദിയുടെ 20 വർഷത്തെക്കുറിച്ചുള്ള പ്രമുഖരുടെ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.

പുസ്തകം നീക്കിയ നടപടിക്കെതിരേ പ്രതിഷേധവുമായി ബി.ജെ.പി.യും യുവമോർച്ചയും രംഗത്തെത്തി. രാവിലെ സർവകലാശാലയ്ക്കു മുൻപിൽ ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ പാലക്കാട് മേഖലാ ജനറൽസെക്രട്ടറി എം. പ്രേമൻ ഉദ്ഘാടനംചെയ്തു.

പുസ്തകം പ്രദർശനബോർഡിൽ വച്ചതിനെതിരേ ചില വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തുവന്നു. പുതുതായെത്തുന്ന പുസ്തകങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കുന്നതിനാൽ അധികൃതർ ആദ്യം ഇത് മാറ്റിയില്ല. കൂടുതൽപേർ എതിർപ്പറിയിച്ചതോടെയായിരുന്നു പുസ്തകം നീക്കിയത് എന്നാൽ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ പുസ്‌തകം തിരികെവയ്ക്കുകയായിരുന്നു.

Advertisement