‘ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത്’; പൊലീസ് കേസെടുത്തു

‘ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത്’; പൊലീസ് കേസെടുത്തു

കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്ത് പൊലീസ്. പിടിയിലായ11 പേർക്കെതിരെയാണ് കേസെടുത്തത്. കൊളംബോ സ്വദേശിയായ ലക്ഷ്മണൻ ആണ് മനുഷ്യക്കടത്തിന്റെ സൂത്രധാരൻ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ കൊല്ലത്ത് പിടിയിലായ സംഘത്തിലെ രണ്ടുപേർ ലക്ഷ്മണന്റെ സഹായികൾ ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

അതേസമയം കാനഡയിലേക്ക് കടക്കാനുള്ള സംഘത്തിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. തമിഴ‍്‍നാട്ടിലെ കാരയ്ക്കൽ വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ആദ്യ ശ്രമം. ഓഗസ്റ്റ് 16ന് നടത്തിയ ഈ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചത്.

45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം കാനഡയിൽ എത്തിക്കാമെന്ന ഉറപ്പാണ് കാനഡയിലേക്ക് കുടിയേറാൻ ശ്രമിച്ചവർക്ക് ഏജന്റ് നൽകിയിരുന്ന ഉറപ്പ്. ഇതിനായി ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ അറിയിച്ചത്. രണ്ടര ലക്ഷം രൂപയാണ് ഒരാളിൽ നിന്ന് കടൽ കടത്താൻ വാങ്ങിയിരുന്നത്. യുവാക്കളെ മാത്രമാണ് സംഘം പരിഗണിച്ചിരുന്നത്.

കൊല്ലത്തെ ലോഡ്ജിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവരെ പിടികൂടിയത്. ഓഗസ്റ്റ് 19-ന് ശ്രീലങ്കയിൽ നിന്ന് ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ രണ്ടു പേരെ പിന്നീട് കാണാതായിരുന്നു. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും നടത്തിയ അന്വേഷണമാണ് സംഘത്തെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ക്യൂബ്രാഞ്ച് ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്‍ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാർ അറസ്റ്റിലായത്.

പിടിയിലായവരിൽ രണ്ടു പേർ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേർ ട്രിച്ചിയിലെ ലങ്കൻ അഭയാർത്ഥി ക്യാമ്പിലും മൂന്ന് പേർ ചെന്നൈയിലെ അഭയാർത്ഥി ക്യാമ്പിലും കഴിയുന്നവരാണ്.

Advertisement