തിരുവനന്തപുരത്ത് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു: കൂടെയുള്ള സ്ത്രീക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: നെടുമങ്ങാട് വിതുരയ്ക്ക് സമീപം മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചലിൽ അകപ്പെട്ട ശേഷം രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച നസ്റിയ ഫാത്തിമ എന്ന ആറ് വയസ്സുകാരിയാണ് മരണപ്പെട്ടത്. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചിൽ കാണാതായ ഷാനിയ്ക്കായി (33 വയസ്സ്) തെരച്ചിൽ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്.

മങ്കയം വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുക്കിൽപ്പെട്ട നസ്റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്റിയ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു.

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മലവെള്ളപ്പാച്ചിലിൽ പത്ത് പേർ കുടുങ്ങിയത്. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രക്ഷപ്രവർത്തകർ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്റിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. നസ്റിയയുടെ മൃതദേഹം പാലോട് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement