സബ്സിഡി നിര്‍ത്തി,സ്വജന പക്ഷപാതം, സംസ്ഥാനത്തെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ

ശാസ്താംകോട്ട: സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ.പ്രളയവും കോവിഡ് മഹാമാരിയും തരണം ചെയ്ത ക്ഷീര കർകരെ സഹായിക്കുന്നതിനു പകരം വർഷങ്ങളായി ലഭിച്ച് കൊണ്ടിരുന്ന സബ്സിഡികളിൽ പലരും സർക്കാർ നിർത്തലാക്കി.

ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് നൽകി വന്നിരുന്ന 60 ശതമാനം സബ്സിഡി യാതൊരു മുന്നറിയിപ്പും നൽകാതെ സർക്കാർ നിർത്തലാക്കി. സബ്സിഡി പ്രതീക്ഷിച്ച് ഉപകരണങ്ങൾ വാങ്ങിയ ചില സംഘങ്ങൾ ക്ഷീരകർഷകർക്ക് പാൽ വില പോലും നൽകാൻ കഴിയാതെ കടുത്ത പ്രതിസന്ധിയിലാണ്.തൊഴുത്ത് നിർമ്മാണത്തിനും പശുവിനെ വാങ്ങുന്നതിനും ക്ഷീര കർഷകർക്ക് നൽകിവന്ന സബ്സിഡിയും നിർത്തലാക്കി.

സബ്സിഡി നിർത്തലാക്കിയതിലൂടെ ലഭിക്കുന്ന തുക സോഫ്റ്റ് വെയർ,ജില്ലാ തല കൺസോർഷ്യം എന്നിവയിലേക്ക് വകമാറ്റി ചിലവഴിക്കാനാണ് ശ്രമമെന്നാണ് സൂചന.ഇതിൽ സർക്കാരിന്റെ ഇഷ്ടക്കാരായ സംഘം പ്രസിഡന്റ്മാരേയും ഉദ്യോഗസ്ഥരേയും തിരുകി കയറ്റി അഴിമതിക്കും സ്വജന പക്ഷപാതത്തിനും തട്ടിപ്പിനും കളമൊരുക്കുകയാണെന്നും ആക്ഷേപമുണ്ട്.ഇതിന് മുമ്പും പ്രവർത്തനക്ഷമതയില്ലാത്ത സോഫ്റ്റ് വെയറും കിയോസ്കുകളും സ്ഥാപിച്ച് ഫണ്ട് ദുർവിനിയോഗം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു.

ഇത് സംബന്ധിച്ച് നൽകിയ പരാതികൾക്ക് യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ക്ഷീര വികസന വകുപ്പ് വഴി പ്രമോഷനിലൂടെ വരുന്ന ഉദ്യോഗസ്ഥന് പകരം വകുപ്പ് സംബന്ധിച്ച് പരിചയമില്ലാത്ത ഐഎഎസ് കാരനായ ഉദ്യോഗസ്ഥനെ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആക്കിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.ക്ഷീരകർഷകക്ഷേമ നിധിയിൽ അംശാദായം അടച്ച് 60 വയസ് കഴിയുന്നവർക്കാണ് ക്ഷീരകർഷക പെൻഷൻഷൻ ലഭിക്കുന്നത്.ഇവർക്ക് മറ്റ് ക്ഷേമ പെൻഷനുകൾ നിഷേധിക്കുകയാണത്രേ.

മറ്റ് കർഷകർക്കും വിളകൾക്കും താങ്ങ് വിലയും സബ്സിഡിയും നൽകി സഹായിക്കുന്നത് പോലെ ക്ഷീര കർഷകർക്കും താങ്ങ് വിലയും സബ്സിഡികളും നൽകി
സഹായിച്ചില്ലെങ്കിൽ കർഷകർ ഈ മേഖല ഉപേക്ഷിച്ച് മറ്റ് മാർഗ്ഗങ്ങൾ തേടി പോകാൻ സാധ്യതയുണ്ട്.ഇത് സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷമാകാൻ ഇടയാക്കിയേക്കാം.

Advertisement