വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഖജനാവിലേക്കുള്ള വരുമാനം അരക്കോടി കുറഞ്ഞു


ആലപ്പുഴ: വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ, മാർച്ച് മാസത്തിലെ പിഴത്തുക 41,79,075 രൂപയായി കുറഞ്ഞു. 49.35 ലക്ഷം രൂപയുടെ കുറവാണ് വിലക്കിനെ തുടർന്ന് സർക്കാരിനുണ്ടായത്.

ഒടുവിൽ വരുമാനം ഇടിഞ്ഞതോടെ വാതിൽ തുറക്കാൻ അനുമതി നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് രാത്രി കളക്ടറേറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടമാണ് സർക്കാർ ഖജനാവിലേക്കുള്ള വരുമാനം അരക്കോടിയോളം രൂപ കുറഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ തീരുമാനം മാറ്റിയത്.

പുതിയ ഉത്തരവ് ജില്ലാ കളക്ടർ രേണു രാജ് പുറത്തിറക്കി. ഏതു സമയത്തും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് കളക്ടറേറ്റിൽ പ്രവേശിക്കാമെന്ന ഉത്തരവാണ് കളക്ടർ മോട്ടോർവാഹന വകുപ്പിന് നൽകിയത്. കളക്ടറേറ്റിലാണ് മോട്ടോർവാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസും എറണാകുളം ആർ.ടി. ഓഫീസും പ്രവർത്തിക്കുന്നത്. ഈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിലാണ് നിർത്തിയിടുന്നത്.

വാഹന പരിശോധനയ്ക്കായി വാഹനം കൊണ്ടുപോകുന്നതും ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥർ തിരികെ കൊണ്ടുവരുന്നതും ഇവിടെത്തന്നെ. കളക്ടറേറ്റ് സുരക്ഷയുടെ പേരിൽ രാത്രികാലങ്ങളിൽ മോട്ടോർവാഹന വകുപ്പിന്റെ വാഹനങ്ങൾ സിവിൽ സ്റ്റേഷനിൽ പ്രവേശിപ്പിക്കുന്നതിന് മുൻ കളക്ടർ ജാഫർ മാലിക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ 24 മണിക്കൂറും വാഹനപരിശോധന നടത്തുന്ന എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ വെട്ടിലായി.

രാത്രി പരിശോധനകൾ കഴിഞ്ഞ് പുലർച്ചെയൊക്കെയാണ് ഉദ്യോഗസ്ഥർ മടങ്ങിവരുന്നത്. ഈ സമയങ്ങളിൽ കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാർ വാതിൽ തുറക്കാതായതോടെ നേരം പുലരുന്നതുവരെ ഉദ്യോഗസ്ഥർ കളക്ടറേറ്റിന് പുറത്തു കിടക്കേണ്ട ഗതികേടായി. ഔദ്യോഗിക വാഹനം പുറത്തിട്ടു പോകാനോ, വീട്ടിൽ കൊണ്ടുപോകാനോ പാടില്ലാത്തതിനാൽ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ദുരിതം ഇരട്ടിയായി.

ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ നേരത്തെയുണ്ടായിരുന്ന എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും ഗേറ്റ് തുറന്നുകൊടുത്തില്ല. ഇതേത്തുടർന്ന് രാത്രിയിലെ വാഹനപരിശോധന അധികൃതർ നിർത്തിവെച്ചതോടെ സംസ്ഥാന ഖജനാവിലേക്ക് പിഴയിനത്തിൽ നൽകുന്ന തുക പകുതിയായി കുറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ മാത്രം 91,15,012 രൂപ സമാഹരിച്ചു.

രാത്രി, വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ, മാർച്ച് മാസത്തിലെ പിഴത്തുക 41,79,075 രൂപയായി കുറഞ്ഞു. 49.35 ലക്ഷം രൂപയുടെ കുറവാണ് വിലക്കിനെ തുടർന്ന് സർക്കാരിനുണ്ടായത്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൂടി ഉൾപ്പെടുത്തിയ അപേക്ഷ നൽകിയതോടെയാണ് പണി പാളുമെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ഇതോടെ പുതിയ കളക്ടർ രേണു രാജ് രാത്രിയും ഉദ്യോഗസ്ഥരുടെ വാഹനങ്ങളെ പ്രവേശിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

Advertisement