തിരുവനന്തപുരം:സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്
പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർഥിച്ചു. ആക്രമണമുണ്ടായ ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി സന്ദർശിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആളുകളാണ് ഓഫീസിന് നേർക്ക് കല്ലെറിഞ്ഞത്. സംഭവം നടക്കുമ്പോൾ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കം ഓഫീസിലുണ്ടായിരുന്നു.