courtesy. kidilan trolls,fb

2022 ആഗസ്റ്റ് 27 ശനി

BREAKING NEWS

👉 ആയൂർ മർത്തോമ കോളജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ ശരിയാ യ രീതിയിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിനികൾക്ക് സെപ്തംബർ 4ന് വീണ്ടും പരീക്ഷ എഴുതാം.

കേരളീയം

🙏സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം നാളേയും തിങ്കളാഴ്ചയും. നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും പങ്കെടുക്കും.

🙏സംസ്ഥാനത്തെ എല്ലാ പൊലീസ് ഓഫീസുകളും പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയോഗിച്ചു. ഓഫീസുകള്‍ പരിശോധിച്ച് അപര്യാപ്ത്തതകളും ഭരണപരമായ കാര്യങ്ങളും റിപ്പോര്‍ട്ടു ചെയ്യും. ആദ്യഘട്ടത്തില്‍ ബറ്റാലിയനുകളാണ് പരിശോധിക്കുക.

🙏ദേശീയ അധ്യാപക അവാര്‍ഡ് 46 അധ്യാപകര്‍ക്ക്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള തൃശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ജയ്നസ് ജേക്കബാണു കേരളത്തില്‍നിന്നു ദേശീയ അധ്യാപക അവാര്‍ഡു നേടിയത്. ദേശീയ അധ്യാപക അവാര്‍ഡില്‍ കേരളത്തെ ഇത്തവണ കേന്ദ്രം തഴഞ്ഞെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന ആറ് അധ്യാപകരുടെ വിവരങ്ങള്‍ അവാര്‍ഡ് നിര്‍ണയ സമിതിക്കു മുന്നില്‍ ഉണ്ടായിരുന്നു.

courtesy. martin joseph koottummel,kidilan trolls,fb

🙏നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ. സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം. നിലവിലുള്ള കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്നും ഉത്തരവിട്ടു.

🙏സംസ്ഥാനത്തെ 208 അങ്കണവാടികളെ സ്മാര്‍ട്ടാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടെണ്ണം സ്മാര്‍ട്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

🙏രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ പത്തനംതിട്ടയിലെ സ്ഥാപനവും. കിശനറ്റം സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് കേരളത്തില്‍നിന്നുള്ള വ്യാജന്‍. രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകളുടെ പേരുകളാണു യുജിസി പുറത്തുവിട്ടത്.

🙏മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീലങ്കന്‍ ആരോഗ്യമന്ത്രി ഡോ. കെഹേലിയ റംബൂക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി വി.പി. ജോയി ഉള്‍പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

🙏കോട്ടയത്തെ ആകാശപാത പൊളിച്ചുനീക്കണമെന്ന ഹര്‍ജി അനുവദിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍. അപകടഭീഷണിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹര്‍ജി നല്‍കിയത്.

🙏മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ദളിത് ആക്റ്റിവിസ്റ്റ് രേഖ രാജിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഎച്ച്ഡിയുടെ മാര്‍ക്ക് ചേര്‍ത്തില്ലെന്നും റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിനു നല്‍കിയെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

🙏കോണ്‍ഗ്രസിലെ ജി 23 സജീവമായിരുന്ന നാളുകളില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നെന്ന് ജി 23 നേതാക്കളിലൊരാളായ പി.ജെ കുര്യന്‍. ജി 23 നേതാവായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനു പിറകേയാണ് ഈ വെളിപ്പെടുത്തല്‍. ജി 23 യോഗത്തില്‍ ശശി തരൂരും താനുമാണ് ആ നിര്‍ദേശത്തെ എതിര്‍ത്തതെന്നും കുര്യന്‍ വെളിപ്പെടുത്തി.

🙏കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍. സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പ്രതിസന്ധി പരിഹരിച്ചത്. ജൂണ്‍ 30 ന് അവസാനിച്ച കരാര്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ പുതുക്കി ഒപ്പിടാത്തതിനാല്‍ രണ്ടുമാസത്തെ പെന്‍ഷന്‍ മുടങ്ങിയിരുന്നു.

🙏പട്ടാമ്പിയില്‍ എസ്ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണില്‍ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ സുബാഷ് മോഹനനെ വെട്ടിയ മഞ്ഞളുങ്ങള്‍ സ്വദേശി മടാള്‍ മുജീബ് പിടിയിലായി. ഇയാള്‍ ലഹരിയിലായിരുന്നു.

🙏അടൂരില്‍ കളക്ഷന്‍ ഏജന്റ് അശ്വതിയെ അക്രമിച്ച് ഒന്നേമുക്കല്‍ ലക്ഷം രൂപ കവര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പിണങ്ങിക്കഴിയുന്ന ഭര്‍ത്താവ് കൃഷ്ണകുമാറിനേയും സുഹൃത്തുക്കളേയും പോലീസ് തെരയുന്നു. പണമിടപാട് സ്ഥാപനത്തിന്റെ വായ്പ തിരിച്ചടവു തുക പിരിച്ചെടുത്ത് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന അശ്വതിയെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മര്‍ദിച്ചശേഷം പണം അപഹരിക്കുകയും വലിച്ചിഴച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി.

🙏തിരുവനന്തപുരം വഞ്ചിയൂരില്‍ എല്‍ഡിഎഫ്, എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. എല്‍ഡിഎഫ് മേഖലാ ജാഥക്കിടെ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നല്‍കിയതാണു സംഘര്‍ഷത്തിന് ഇടയാക്കിയത്.

🙏നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണവുമായി രണ്ടു യാത്രക്കാരെ പിടികൂടി. തിരൂര്‍ തേവര്‍ കടപ്പുറം സ്വദേശി ഫൈസല്‍, വടകര മുട്ടുങ്ങല്‍ മുനീര്‍ എന്‍ കെ എന്നിവരാണ് പിടിയിലായത്.

🙏ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനു വെട്ടേറ്റു. തൃശൂര്‍ കയ്പമംഗലം കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടില്‍ അബ്ദുള്ള (42) ക്കാണ് വെട്ടേറ്റത്. മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു.

🙏എറണാകുളത്ത് എടിഎമ്മില്‍ കൃത്രിമം നടത്തി 25,000 രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. യുപി സ്വദേശി മുബാറക് ആണ് പിടിയിലായത്. കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പിടികൂടി. 11 എടിഎമ്മുകളില്‍ ഇത്തരം തട്ടിപ്പു നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ദേശീയം

🙏ഗുലാംനബി ആസാദിനു പിറകേ, കാഷ്മീരിലെ അഞ്ചു നേതാക്കള്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. മുന്‍ മന്ത്രി ജിഎം സരുരി, അബ്ദുള്‍ റാഷിദ്, അമിന്‍ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.

🙏കോണ്‍ഗ്രസില്‍ അധികാരം ആവോളം ആസ്വദിച്ച് പാര്‍ട്ടി വിഷമഘട്ടത്തിലായപ്പോള്‍ രാജിവച്ചു പുറത്തുപോയ ഗുലാം നബി ആസാദിന്റെ നിയന്ത്രണം നരേന്ദ്രമോദിയുടെ കൈയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. പാര്‍ട്ടിയുടെ സുപ്രധാന കോര്‍ ഗ്രൂപ്പില്‍ ഒരുപാടുകാലം ഉണ്ടായിരുന്ന അദ്ദേഹം പുതുതലമുറ വരുന്നതിനെ വിമര്‍ശിച്ചാണ് പുറത്തുപോയതെന്നും പവന്‍ ഖേര കുറ്റപ്പെടുത്തി.

🙏ബിജെപി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ വിവിധ സംസ്ഥാനങ്ങളിലായി 277 എംഎല്‍എ മാരെ പണം കൊടുത്തു സ്വന്തമാക്കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇതിനു ചെലവാക്കിയ 800 കോടി രൂപ ബിജെപിക്ക് എങ്ങിനെ ലഭിച്ചു. ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാനും എം എല്‍ എ മാര്‍ക്ക് പണം വാഗ്ദാനം ചെയ്തു. ഇതിനു പിന്നില്‍ ഒരു സീരിയല്‍ കില്ലറാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

🙏2007 ലെ വിദ്വേഷ പ്രസംഗക്കേസില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ടു ചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസറ്റീസ് എന്‍.വി. രണണ അധ്യക്ഷനായുള്ള ബഞ്ചാണ് കേസ് തള്ളിയത്.

🙏ഖനി അഴിമതിക്കേസില്‍ ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത്ര സോറന്‍ കുറ്റക്കാരനെന്നു കണ്ട് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയെന്ന് മുതിര്‍ന്ന നേതാവും സ്വതന്ത്ര എംഎല്‍എയുമായ സരയു റോയിയുടെ ട്വിറ്റ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ അയോഗ്യനാക്കിയ ഉത്തരവ് മണിക്കൂറുകള്‍ക്കകം പുറത്തിറങ്ങുമെന്നാണ് സരയു വെളിപെടുത്തിയത്.

🙏നിയമ സംവിധാനങ്ങള്‍ ഭാരതീയവത്കരിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കല്‍ പ്രസംഗത്തില്‍. സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്. തെറ്റായുള്ള വിധികളെല്ലാം തിരുത്തിയ ചരിത്രമാണ് സുപ്രീം കോടതിക്കെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

അന്തർദേശീയം

🙏പാക്കിസ്ഥാനില്‍ പ്രളയം. 937 പേര്‍ മരിച്ചു. പ്രളയക്കെടുതി നേരിടാന്‍ പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരിച്ചവരില്‍ മുന്നൂറ്റമ്പതോളം പേര്‍ കുട്ടികളാണ്. മൂന്നു കോടി ജനങ്ങള്‍ക്കു വീടു നഷ്ടമായി.

🙏യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക് ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ലണ്ടനില്‍ ഗോപൂജ നടത്തി. ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതും വീഡിയോയില്‍ കാണാം.

കായികം

🙏ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ലോക ഫുട്ബോള്‍ സംഘടനയായ ഫിഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടപെടല്‍ ഇല്ലെന്നു ബോധ്യപ്പെടുത്തിയതിനാലാണ് വിലക്ക് നീക്കിയതെന്ന് ഫിഫ. സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് ഫിഫ നിരീക്ഷിക്കും. വിലക്ക് നീക്കിയതോടെ ഒക്ടോബറില്‍ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കും.

🙏ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഒന്നാം സ്ഥാനം. ആദ്യശ്രമത്തില്‍ തന്നെ 89.09 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജിന് ഈ വിജയത്തോടെ ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചു. ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര.