തിരുവനന്തപുരം. വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനെ എ.ബി.വി.പി പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി.ആറു എ.ബി.വി.പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.നിവേദനം ബലമായി കൗൺസിലറുടെ കയ്യിൽ ഏൽപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.പിന്നാലെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുമുണ്ടായി.

എൽ.ഡി.എഫ്‌ വികസന ജാഥയുടെ വഞ്ചിയൂരിലെ സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം.വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിന്റെ നേതൃത്വത്തിൽ
സ്വീകരണ പരിപാടി നടക്കുന്നതിനിടെ എ.ബി.വി.പി പ്രവർത്തകർ നിവേദനവുമായെത്തി.വഞ്ചിയൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നായിരുന്നു ആവശ്യം.പരാതി ഓഫീസിലെത്തി നൽകാൻ കൗൺസിലർ പറഞ്ഞതോടെ ബലമായി നിവേദനം കയ്യിൽ ഏൽപ്പിക്കാൻ നീക്കം നടന്നു.ഇത് നേരിയ സംഘർഷത്തിന് കാരണമായി.വനിതാ കൗൺസിലറുടെ കയ്യിൽ ബലമായി പിടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആറു എ.ബി.വി.പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ബലം പ്രയോഗിച്ചു പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി.
തുടർന്ന് എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി.കല്ലേറിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.