തിരുവനന്തപുരം. അമരവിളയിൽ ജി.എസ്.ടി പരിശോധനക്കിടെ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടികൂടി.തമിഴ്‌നാട്ടിൽ നിന്നെത്തിയ പിക്ക്അപ് വാനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
പിക്ക് അപ്പ് വാനിന്റെ ഡ്രൈവറായിരുന്ന തമിഴ്‌നാട് സ്വദേശി ദുരൈയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു.

ഉദയന്‍കുളന്‍ങ്ങരയില്‍ ഇന്ന് പുലർച്ചെ ജി.എസ്.റ്റി വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് 30 കിലോ കഞ്ചാവ് പിടികൂടുന്നത്.ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ പാമ്പേഴ്‌സ് കൊണ്ട് വന്ന വാഹനത്തിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത്.വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കുട്ടികളുടെ പാമ്പേഴ്സിനടിയില്‍ പ്രത്യേക പാഴ്‌സലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.വാഹനമോടിച്ചിരുന്ന തമിഴ്നാട് സ്വദേശി ദുരയെ എക്സൈസ് അറസ്റ്റ് ചെയ്‌തു.

ഇയാൾ സ്ഥിരമായി അതിർത്തി വഴി കേരളത്തിലേക്കെത്തുന്ന ആളാണെന്നു എക്‌സൈസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.പിടിച്ച കഞ്ചാവിന് പത്തു ലക്ഷത്തിലധികം രൂപ വില വരുമെന്ന് എക്സൈസ് അറിയിച്ചു.ഉത്സവകാലം പ്രമാണിച്ചു കൂടുതൽ ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്കു എത്തിയേക്കാം എന്നാണ് എക്സൈസ് വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.