തൃശൂര്‍.സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ തൃശൂര്‍ ജില്ലാസമ്മേളനത്തിന്‍റെ രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ട്.
ഇടതുസര്‍ക്കാരിന്‍റെ തുടര്‍ഭരണം സിപിഐഎം ഹൈജാക്ക് ചെയ്തുവെന്നാണ് വിമര്‍ശനം. കെ റെയിലില്‍
അനാവശ്യ തിടുക്കമുണ്ടായെന്നും വിഴിഞ്ഞം സമരം ന്യായമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തിന്
ഇന്ന് സമാപനം കുറിക്കുമ്പോള്‍ കെ കെ വത്സരാജ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത

സര്‍ക്കാരിലും ഘടകകക്ഷികളുടെ വകുപ്പുകളിലും സിപിഐഎം കാണിക്കുന്നത് ഏകാധിപത്യ പ്രവണതയെന്നാണ്
രാഷ്ട്രീയ റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം. മുന്നണി സംവിധാനമുള്ള സര്‍ക്കാരിനെ നയിക്കാനുള്ള പക്വത
സിപിഎമ്മിന് ഇപ്പോഴുമില്ല. ഇടതുമുന്നണിയുടെ നയമനുസരിച്ചല്ല മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ്
പ്രവര്‍ത്തിക്കുന്നത്.

നീതികിട്ടുന്നില്ലെന്ന ജനങ്ങളുടെ ആരോപണം സര്‍ക്കാരിന് തന്നെ നാണക്കേടാണ്. സിപിഐ നേതാവായ
ആനിരാജയെ വ്യക്തിഹത്യ നടത്തുന്ന വിധം എംഎം മണി പ്രസംഗിച്ചിട്ടുപോലും പാര്‍ട്ടി സെക്രട്ടറി ആനി രാജയെ
വിമര്‍ശിച്ച രീതി ശരിയായില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

കരുവന്നൂരടക്കമുള്ള ക്രമക്കേടുകള്‍ വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്. കെ റെയിലിലടക്കം സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായി.
ജനങ്ങളുടെ സംശയങ്ങള്‍ നിറവേറ്റുന്നതിന് പകരം മഞ്ഞക്കുറ്റി കുഴിച്ചിടാന്‍ അനാവശ്യ തിടുക്കമാണുണ്ടായത്.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ സമരത്തില്‍
ന്യായമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ന് വൈകീട്ട് സിപിഐ ജില്ലാ സമ്മേളനത്തിന് സമാപനമാകും.
ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സമവായമുണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഒരു ഊഴംകൂടി ബാക്കിയുള്ള
കെകെ വത്സരാജ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.