വിഴിഞ്ഞം സമരത്തിൽ ലത്തീൻ അതിരൂപതയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയും പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അതിരൂപത അധ്യക്ഷൻ മുഖ്യമന്ത്രിയെ അറിയിച്ചു. അതിനിടെ വിഴിഞ്ഞം തുറമുഖത്തിൽ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും ഹൈക്കോടതിയെ സമീപിച്ചു.

തിരുവനന്തപുരം.മന്ത്രിമാരുമായുള്ള സമവായ ചർച്ചകൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി തന്നെ ലത്തീൻ അതിരൂപതയുമായി നേരിട്ട് ചർച്ച നടത്തിയത്. ക്ലിഫ് ഹൌസിൽ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ചർച്ചയിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, വികാരി ജനറൽ യൂജിൻ പേരേര എന്നിവർ പങ്കെടുത്തു.

തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചതോടെ നിർണായക ചർച്ചയും സമവായമാകാതെ പിരിഞ്ഞു. തുറമുഖം കാരണമുണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും അതിരൂപത വഴങ്ങിയില്ല. അതിനിടെ വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും, കരാർ കമ്പനിയും ഹൈക്കോടതിയെ സമീപിച്ചു.


കമ്പനി ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും, ഹോവേ എൻജിനീയറിങ് പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് ഹൈക്കോടതിയിലെത്തിയത്. പദ്ധതി മേഖലയിലേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് അടക്കം സംരക്ഷണം ഉറപ്പാക്കണമെന്നും അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

രണ്ട് ഹർജികളും ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് നാളെ പരിഗണിക്കും. അതേസമയം വിഴിഞ്ഞം സമരത്തിൻറെ പത്താംദിവസമായ ഇന്നും പൊലീസ് ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ പദ്ധതി പ്രദേശത്തേക്ക് കടന്നു.