തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നത് പരിഗണനയിൽ. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ നടത്തുന്നതിനായി നൽകിയ കുറിപ്പുകളടങ്ങിയ രേഖയിലാണ് സ്‌കൂൾ സമയമാറ്റത്തിനുള്ള നിർദേശം.

വിദ്യാഭ്യാസ വകുപ്പ് നിർദേശം ചർച്ചയ്ക്ക് വെച്ചിരിക്കുകയാണ്. ‘കുട്ടികൾക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതിനോടൊപ്പം അവരുടെ കഴിവുകൾക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ നിലവിലുള്ള സ്‌കൂൾ സമയത്തിൽ മാറ്റം അനിവാര്യമാകും. എന്തുതരം മാറ്റങ്ങളാകും അഭികാമ്യം?’ എന്ന ചോദ്യമാണ് രേഖയിൽ ചർച്ചയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമെന്ന ഭാഗത്ത് നേരത്തെ തിരുത്തൽ വരുത്തിയിരുന്നു. ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് മാറ്റി പകരം ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. ക്ലാസ് റൂമുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യവും തിരുത്തിയിരുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്ന നിർദേശം ഒഴിവാക്കി. ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടസൗകര്യം എന്ന ഭാഗത്ത്, ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂൾ അന്തരീക്ഷം എന്നാണ് ചേർത്തിരിക്കുന്നത്.