തിരുവനന്തപുരം.വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ആക്ഷേപം തള്ളി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവാണ് സര്‍വകലാശാല നിയമേഭദഗതി ബില്‍ അവതരിപ്പിച്ചത്. ചാന്‍സലറുടെ വിവേചനാധികാരം കുറയില്ലെന്നും ബില്‍ അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വിശദീകരിച്ചു.

വൈസ് ചാന്‍സലര്‍മാരൈ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ് പ്രധാന നിയമഭേദഗതി. ഇതോടെ സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമാകും. ചാന്‍സലറായ ഗവര്‍ണറുടെ താത്പര്യം മറികടക്കാനുമാകും. വൈസ് ചാന്‍സലര്‍മാരുടെ പ്രായപരിധി 60ല്‍ നിന്ന് 65 ആക്കാനും ബില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര നിയമത്തെ മറികടക്കുന്ന ബില്ലിന് നിയമസാധുത ഇല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ തടസ്സവാദം.

ചാന്‍സലറുടെ അധികാരം പരിമിതിപ്പെടില്ലെന്നും യുജിസി ചട്ടം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

സെര്‍ച്ച് കമ്മിറ്റിയില്‍ എത്ര പേര്‍ വേണമെന്നോ ആരൊക്കെയാകണമെന്നോ യുജിസി പറയുന്നില്ലെന്നും സര്‍വകലാശാകളുമായി ബന്ധമില്ലാത്തവരും അക്കാദമിക രംഗത്തെ പ്രഗല്ഭരും ആകണമെന്നും മാത്രമേ പറയുന്നൂള്ളൂ എന്നും മന്ത്രി ഡോ.ആര്‍.ബിന്ദു പറയുന്നു.

സംസ്ഥാന സര്‍വകലാശാലകള്‍ യുജിസി ചട്ടം അനുസരിക്കണമെന്നും നിര്‍ബന്ധമില്ലെന്നും മാര്‍ഗ നിര്‍ദേശക സ്വഭാവം മാത്രമേയുള്ളൂവെന്നും നിയമമന്ത്രി പി.രാജീവും പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതും നേരത്തേ ചാന്‍സലറുടെ അധികാരം ഇല്ലാതാക്കിയെന്ന് കെടി ജലീല്‍ പറയുന്നു.

ചാന്‍സലറിലൂടെ ആര്‍എസ്എസുകാരെ വിസിയാക്കാന്‍ ശ്രമിക്കുകയാണ്, പ്രതിപക്ഷത്തെ ആര് എതിര്‍ത്തില്ലെങ്കിലും ലീഗിന് ബില്ലിനെ എതിര്‍ക്കാനാകുമോ, ഇപ്പോളില്ലെങ്കില്‍ നാളെ ഇതു ചെയ്യേണ്ടി വരുമെന്ന് കെടി ജലീല്‍ പറഞ്ഞു.

സബജ്ക്റ്റ് കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കു ശേഷം ബില്‍ തിങ്കളാഴ്ച വീണ്ടും സഭയില്‍ വരും. നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടുമോയെന്നത് നിര്‍ണായകമാണ്.