കൊച്ചി. ലഹരി കടത്തുന്ന ആഫ്രിക്കൻ മാഫിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവലാണ് പിടിയിലായത്. കൊച്ചിയിലേക്ക് കഴിഞ്ഞ 6 മാസത്തിനിടെ കടത്തിയത് നാലര കിലോ എംഡിഎംഎ ആണ്.

കഴിഞ്ഞ മാസം 20 ആം തീയതി കലൂർ ജവഹർലാൽ നെഹ്‌റു ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും 102.04 ഗ്രാം എംഡിഎംഎ പാലാരിവട്ടം പൊലീസ് പിടികൂടി. കേസിൽ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൈജീരിയൻ സ്വദേശി ഉൾപെട്ടിട്ടുണ്ട് എന്ന വിവരം ലഭിച്ചത്. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ പിടിയിലായത്

കർണാടകയിൽ മയക്കുമരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഈ സംഘമാണ് കേരളത്തിലേക്ക് പ്രത്യേകിച്ച് കൊച്ചിയിലേക്ക് ഏറ്റവും കൂടുതൽ എംഡിഎംഎ കൈമാറ്റം ചെയ്യുന്നതും അന്വേഷണ സംഘം വ്യക്തമാക്കി. നാളെ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

മയക്കുമരുന്ന് ഉപയോഗത്തിനും വിപണനത്തിനും എതിരെ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കൊച്ചി ഡിസിപി ശശിധരന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരി വിൽപന കൂടുതലെന്നും അതിനാൽ ബോധവത്കരണം ഉൾപ്പെടെ സംഘടിപിക്കുമെന്നും പൊലീസ് പറഞ്ഞു