courtesy. arundas, kidilan trolls fb

2022 ആഗസ്റ്റ് 24 ബുധൻ

കേരളീയം

🙏വിവാദ എഫ് ബി പോസ്റ്റിൽ കെ.ടി ജലീലിനെ തിരെ
എഫ് ഐ ആർ.കലാപ ഉദ്ദേശത്തോടെയുള്ള പോസ്റ്റെന്ന് തിരുവല്ല കീഴ് വായ്പൂര് പോലീസ് എടുത്ത എഫ് ഐ ആർ പരാമർശം.

🙏മഴ ശക്തമായി തുടരും. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നത്. 27 വരെ വ്യാപകമായ മഴക്കു സാധ്യത.

🙏ലോകായുക്ത നിയമ ഭേദഗതി നിയമം പുതിയ നിര്‍ദേശങ്ങളോടെ ഇന്നു വീണ്ടും നിയമസഭയിലേക്ക്. ഇന്നലെ ബില്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരുന്നു. സബ്ജക്ട് കമ്മിറ്റി ഇന്നലെത്തന്നെ ചേര്‍ന്ന് ബില്ലില്‍ പുതിയ നിര്‍ദേശങ്ങള്‍ ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത ഉത്തരവുണ്ടായാല്‍ നിയമസഭയും മന്ത്രിമാര്‍ക്കെതിരേ ഉത്തരവുണ്ടായാല്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരേ ഉത്തരവു വന്നാല്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാമെന്നാണു പുതിയ വ്യവസ്ഥ.

courtesy. kidilan trolls,fb

🙏താന്‍ ഒപ്പുവയ്ക്കാതെ ഒരു നിയമവും പ്രാബല്യത്തിലാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമായ ഒന്നിലും ഒപ്പുവയ്ക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

🙏 ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗുണ്ടയെന്ന് ഗവര്‍ണര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ചരിത്ര കോണ്‍ഗ്രസ് സമ്മേളനത്തില്‍ തന്നെ ആക്രമിക്കാന്‍ ഇര്‍ഫാന്‍ ഹബീബും വൈസ് ചാന്‍ലസര്‍ ഗോപിനാഥ് രവീന്ദ്രനും ഗൂഡാലോചന
നടത്തിയെന്നും തെളിവുകളുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ആരോപിച്ചു.

🙏മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ ഷാര്‍ജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 സെപ്റ്റംബര്‍ 26 ന് രാവിലെ പത്തരയ്ക്കായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

🙏നിയമസഭയില്‍ കെ.ടി. ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍, ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോയെന്ന് മുന്‍ മന്ത്രി കെ.കെ ശൈലജ. ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ആത്മഗതമായി ശൈലജ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

🙏എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ഹൈക്കോടതി.

🙏ഇ പോസ് മെഷീനുകളും സെര്‍വറുകളും തകരാറിലായതുമൂലം സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആദ്യ ദിനം തന്നെ മുടങ്ങി. സംസ്ഥാനത്തെ പല ജില്ലകളിലും റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.

🙏സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബര്‍ കോടതിയിലേക്കാണ് മാറ്റം. എസ്. മുരളീകൃഷ്ണനാണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി.

🙏ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിലിനോടു തട്ടിക്കയറിയ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരിലാലിനെ സ്ഥലംമാറ്റി. മന്ത്രിയുമായി തര്‍ക്കിച്ചതിന്റെ ഓഡിയോ പ്രചരിച്ചതിനു പിറകേയാണു നടപടി. ഒരു കുടുംബ കേസില്‍ ഇടപെടാനായി നിര്‍ദേശിച്ചപ്പോള്‍ ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇന്‍സ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

🙏സിപിഎമ്മിനും പൊലീസ് വകുപ്പിനുമെതിരെ വിമര്‍ശനവുമായി സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം. അലന്റേയും താഹയുടെയും അറസ്റ്റും അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും ഇടതുപക്ഷ നയങ്ങള്‍ക്കു വിരുദ്ധമാണെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

🙏സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരം, വ്യവസായം വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം. ആഭ്യന്തരവകുപ്പ് പരാജയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. കരിമണല്‍ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സല്‍ ഗ്ലാസ് പൂട്ടല്‍, കയര്‍ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാര്‍ ഉചിതമായ നടപടികളെടുത്തില്ലെന്നും ആരോപണം.

🙏എറണാകുളം ചേന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ച് പഞ്ചായത്ത് മെമ്പര്‍. എല്‍ഡിഎഫ് അംഗം ഫസല്‍ റഹ്‌മാനാണ് പഞ്ചായത്ത് സെക്രട്ടറിയുമായുള്ള തര്‍ക്കത്തിനിടെ ഓഫീസ് തല്ലിത്തകര്‍ത്തത്.

🙏മരണവീട്ടില്‍ മൃതദേഹത്തോടൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ച് ഇരിക്കുന്ന ഫോട്ടോയെ പരിഹസിച്ച സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മല്ലപ്പള്ളി പനവേലില്‍ വീട്ടില്‍ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷമുള്ള ‘ചിരി ചിത്രം’ മാതൃകയാണെന്നു മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. സന്തോഷത്തോടെ ജീവിച്ചവര്‍ക്ക് പുഞ്ചിരിയോടെ ഒരു യാത്രയയപ്പ് നല്‍കുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്താണ് ഉള്ളതെന്നു മന്ത്രി ചോദിച്ചു.

🙏തെരുവു നായയുടെ കടിയേറ്റതിനു വാക്സിനെടുത്തിട്ടും കോഴിക്കോട്ട് കൂത്താളി സ്വദേശിനി ചന്ദ്രിക മരിച്ചത് പേവിഷ ബാധയേറ്റല്ലെന്ന് പരിശോധനാഫലം. എന്നാല്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചിരുന്നു.

🙏പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കിയില്‍ പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് അന്നനാളത്തില്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിച്ചത്.

🙏തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ കെ എസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനു ഹെല്‍പ്പ് ഡസ്‌ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.

🙏ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്.

🙏തിരുവനന്തപുരം ആര്യനാട് ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം നടത്തിയ രണ്ടു തമിഴ് വനിതകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.

🙏എറണാകുളം പട്ടിമറ്റത്ത് വീട്ടിനുള്ളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം വലമ്പൂര്‍ സ്വദേശി ജെയ്സനാണ് പിടിയിലായത്. വീട്ടില്‍നിന്ന് 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

courtesy. kidilan trolls,fb

ദേശീയം

🙏ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. മദ്യനയം പിന്‍വലിച്ച ആംആദ്മി പാര്‍ട്ടി കുറ്റസമ്മതം നടത്തിക്കഴിഞ്ഞെന്ന് ബിജെപി തിരിച്ചടിച്ചു. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം ലഭിച്ചെന്ന് മനീഷ് സിസോദിയ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ആംആദ്മി പാര്‍ട്ടി ഈ ആരോപണം ഉന്നയിച്ചത്.

🙏പ്രവാചക നിന്ദ കേസില്‍ അറസ്റ്റിലായ ടി രാജാ സിംഗ് എംഎല്‍എയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവാണ് സസ്പെന്‍ഷനിലായത്.

🙏സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും, ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരു വര്‍ഷം വരെ സുരക്ഷയും രണ്ടു ജീവനക്കാരുടെ സേവനവും നല്‍കാനുള്ള വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.

🙏ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് അറസ്റ്റു ചെയ്തേക്കും. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിസോദിയക്കെതിരെ കേസെടുത്തു. മദ്യലൈസന്‍സിനായി സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍നിന്നു കോടികള്‍ കോഴ വാങ്ങിയെന്നാണ് സിബിഐ കേസ്.

🙏കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനിലേക്കു തൊടുത്ത സംഭവത്തില്‍ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും രണ്ട് വിങ് കമാന്‍ഡര്‍മാര്‍ക്കുമെതിരായാണ് നടപടി.

🙏ഉച്ചഭാഷിണിയിലൂടെ
യുള്ള ബാങ്ക് വിളി മറ്റു മതവിശ്വാസികളുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്താന്‍ പള്ളികളോട് ഉത്തരവിടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, ‘ശബ്ദ മലിനീകരണ നിയമങ്ങള്‍’ നടപ്പാക്കാനും പാലിക്കാനും കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

🙏ഉത്തര്‍പ്രദേശിലെ ഹുക്ക ബാറുകളില്‍ മയക്കുമരുന്നും അനധികൃത പ്രവര്‍ത്തനങ്ങളും. പോലീസ് നടത്തിയ റെയിഡില്‍ 785 പേര്‍ പിടിയിലായി. 18 ജില്ലകളിലായി 342 ഇടങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ആറു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സൗജന്യങ്ങള്‍ കൊടുക്കുന്നതിലല്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏ഖജനാവില്‍നിന്ന് 14 ലക്ഷം രൂപ കാമുകിക്കു നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരനേയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബൃഹത് ബെംഗളൂരു മഹാനഗര പാലിക ജീവനക്കാരന്‍ എം.കെ. പ്രകാശ് (39), കാഞ്ചന (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

🙏എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങുന്നു. ഇതോടൊപ്പം 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനവും നല്‍കും. ഇതേസമയം, ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയത് തങ്ങളെ അറിയിക്കാതെയാണെന്ന് എന്‍ഡിടിവി സ്ഥാപക-പ്രൊമോട്ടര്‍മാരായ രാധികയും പ്രണോയ് റോയിയും പറയുന്നു.

കായികം

🙏ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ്. ഓഗസ്റ്റ് 28ന് പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡ് ഉണ്ടാകില്ലെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദ്രാവിഡ് എഷ്യ കപ്പില്‍ നിന്ന് പിന്‍മാറിയാല്‍ വി.വി.എസ്. ലക്ഷ്മണന്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത.