ആലപ്പുഴ.മര്‍ദ്ദിച്ചുവെന്നാരോപിച്ച് കുട്ടനാട് എം എൽ എ തോമസ് കെ തോമസിനെതിരെ സ്വന്തം പാർട്ടിയിലെ വനിതാ നേതാവ് പോലീസിൽ പരാതി നൽകി. എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അലീസ് ജോസാണ് തോമസ് കെ തോമസ് തന്നെ മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി എസ് പിക്കും വനിതാ കമ്മിഷനും പരാതി നൽകിയത്. എന്‍സിപി യിലെ ഗ്രൂപ്പ് പോരാണ് തർക്കങ്ങൾ പിന്നിൽ.

എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ അലീസ് ജോസിനെ എന്‍സിപി കുട്ടനാട് എംഎൽഎയായ തോമസ് കെ തോമസ് മർദിച്ചതായാണ് പരാതി. സംഘടനാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം എൽ എയും എതിർ വിഭാഗവും തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് വഴിവെച്ചത്.

സംസ്ഥാന സമിതി അംഗംമായ റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള വിഭാഗം എന്‍സിപി സംഘടനാ തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് തോമസ് കെ തോമസ് ആരോപിച്ചു.

പാർട്ടി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയും തോമസ് കെ തോമസും എതിർ ചേരികളിലാണ്. ഇക്കാരണത്താൽ ദേശീയ നേതൃത്വത്തിന് നേരിട്ട് പരാതി നൽകിയതായി എം എൽ എ അറിയിച്ചു.