കൊല്ലം: കൊല്ലം കോട്ടായിയിൽ പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് ബമ്മണൂർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കൊല്ലം തട്ടാമല സ്വദേശിയുമായ സനോഫർ (42) ആണ് പിടിയിലായത്.

പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അധ്യാപകനായ സനോഫർ വിദ്യാർത്ഥികളെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച്ച കോട്ടായി പൊലീസ് കേസെടുത്തത്. ഇന്ന് ഇയാളുടെ താമസ സ്ഥലത്തെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട്മാസം മുമ്പാണ് സനോഫർ അധ്യാപകനായി പാലക്കാട് ബമ്മണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.

പാലക്കാട് തിരുമിറ്റക്കോട് പ്രായപൂർത്തിയാകാത്ത ആൾകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ ഇന്നലെ അറസ്റ്റിലായിരുന്നു. തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപഠനശാലയിലെ വിദ്യാർത്ഥിനിയെ ഇർഷാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പതിനാല് വയസ്സുകാരനാണ് ചൂഷണത്തിന് ഇരയായത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതോടെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. പിന്നാലെ കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മറ്റൊരു മദ്രസ അധ്യാപകൻ കൂടി പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികൾ സമാന പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇടുക്കിയിൽ എൻഎസ്എസ് ക്യമ്പിനെത്തിയ വിദ്യാ‍ർത്ഥിക്ക് നേരെ അധ്യാപകൻറെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ കഞ്ഞിക്കുഴി പൊലീസും കഴിഞ്ഞ ദിവസം പോക്സോ കേസെടുത്തിരുന്നു. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെയാണ് കേസെടുത്തത്. പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ‌ആർ വിശ്വനാഥ്. പരാതി ഒതുക്കി തീർക്കാൻ സഹ വിദ്യാ‍ർത്ഥിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു.