തിരുവനന്തപുരം. നഗരൂരിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ.നഗരൂർ സ്വദേശി സുനിൽകുമാറും മകൻ ശ്രീദേവുമാണ് മരിച്ചത്. വാഹന ഉടമകൂടിയായ ജാഫർ ഖാനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന ഷിറാസിനെ ഒന്നാം പ്രതിയാക്കിയെന്ന് ആക്ഷേപം.സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.അതേ സമയം അപകടത്തിന് 10 മിനുറ്റ് മുൻപ് വാഹനമോടിച്ചത് ജാഫർ ഖാൻ ആണെന്ന് വ്യകതമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിൽ വെച്ച് ഫോർച്യൂണർ കാറിടിച്ചു നഗരൂർ സ്വദേശി സുനിൽകുമാറും മകൻ ശ്രീദേവും മരിച്ചത്.അമിത വേഗതയിലെത്തിയ വാഹനം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.പിന്നാലെ നടത്തിയ പരിശോധനയിൽ കാറിലുണ്ടായിരുന്ന ജാഫർ ഖാനും ഷിറാസും മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
വാഹനമോടിച്ചതു ഷിറാസ് ആണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.എന്നാൽ പോലീസിന്റെ ഈ വാദത്തിനു എതിരെയാണ് കുടുംബം രംഗത്തെത്തിയത്.വാഹന ഉടമകൂടിയായ ജാഫർ ഖാനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന ഷിറാസിനെ ഒന്നാം പ്രതിയാക്കിയെന്ന് ആക്ഷേപം.വാഹനമോടിച്ചത് ജാഫർ ഖാനെന്ന് കുടുംബം പറഞ്ഞു

അപകടത്തിന് 10 മിനുറ്റ് മുൻപ് വാഹനമോടിച്ചത് ജാഫർ ഖാനാണെന്നു വ്യകതമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.കിളിമാനൂർ ജംഗ്ഷനിലെ ദ്യശ്യങ്ങളാണിത്.മദ്യപിച്ച് ബേക്കറി ജീവനക്കാരുമായി തർക്കമുണ്ടായതിന് ശേഷം വാഹനമെടുത്ത് പോകുന്നതാണ് ദ്യശ്യങ്ങളിൽ ഉള്ളത്.

പോലീസ് അട്ടിമറിയടക്കം കുടുംബം സംശയിക്കുന്നുണ്ട്.അതിനാൽ തന്നെ സംസ്ഥാന പോലീസ് മേധാവി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.