തിരുവനന്തപുരം. കാര്യവട്ടം ഗവർമെന്റ് കോളേജിൽ പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം.
അഡ്മിഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.നാലു പോലീസുകാർക്കും അഞ്ചു എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.

കോഴ്സ് പൂർത്തിയാക്കാതെ ടി.സി വാങ്ങി പോയ വിദ്യാർഥി അതേ കോഴ്സിന് വീണ്ടും അഡ്മിഷൻ തേടിയത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്.വൈകിട്ട് അഞ്ചു മണിയോടു കൂടി സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പൽ
സി എസ് ജയയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പോലീസെത്തി
പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ എസ്എഫ്ഐ പ്രവർത്തകർ തയ്യാറായില്ല.
പിന്നീട് പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി പ്രിൻസിപ്പലിലെ പുറത്തെത്തിക്കാൻ നോക്കിയതാണ് സംഘർഷത്തിൽ കലാശിച്ചത്.തുടർന്ന് കോളേജിൻറെ കവാടം അടച്ച് എസ്.എഫ്.ഐ ഉപരോധിച്ചു.
കൂടുതൽ പോലീസെത്തി പ്രവർത്തകരെ നീക്കാനുള്ള ശ്രമം വീണ്ടും സംഘർഷത്തിനു കാരണമായി.സംഘർഷത്തിൽ നാലു പോലീസുകാർക്കും അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു മാറ്റിയ ശേഷമാണ് പ്രിൻസിപ്പലിനെ പോലീസ് ജീപ്പിൽ പുറത്തെത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.