കണ്ണൂർ. മട്ടന്നൂർ നഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച. 35ൽ 21 സീറ്റുകൾ നേടിയാണ് ഇടതുപക്ഷ ജയം. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി സീറ്റ് നേടിയ യുഡിഎഫ് 14 വാർഡുകളിലാണ് വിജയിച്ചത്. എൽഡിഎഫിന് 8 സിറ്റിംഗ് സീറ്റുകൾ നഷ്ടമായി.

തുടർച്ചയായ ആറാം തവണയും മട്ടന്നൂർ നഗരസഭയിൽ എൽഡിഎഫിന് അധികാരം.

കഴിഞ്ഞതവണ എൽഡിഎഫ് ജയിച്ചത് 28 വാർഡുകളിൽ. ഇത്തവണ പക്ഷേ ജയം 21 സീറ്റുകളിലേക്ക് ചുരുങ്ങി. 7 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 14 ഇടത്ത് ജയം സ്വന്തമാക്കി. 2012ലും യുഡിഎഫ് 14 സീറ്റുകളിൽ ജയം നേടിയിരുന്നു. 2012 ൻ്റെ തനിയാവർത്തനമെന്നും അപ്രതീക്ഷിത തിരിച്ചടി നേരിട്ട വാർഡുകളിലെ പരാജയം പരിശോധിക്കുമെന്നും സിപിഎം.

മികച്ച മുന്നേറ്റമുണ്ടാക്കാനായെന്ന് കോൺഗ്രസ്.പൊറോറ, ഏളന്നൂർ, ആണിക്കരി, പെരിഞ്ചേരി, കളറോഡ്, ഇല്ലംമൂല, മേറ്റടി, മരുതായി വാർഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. സിറ്റിംഗ് സീറ്റായിരുന്ന കയനി വാർഡ് യു ഡി എഫിന് നഷ്ടമായി. അധികാരം നിലനിർത്തിയെങ്കിലും യുഡിഎഫ് നടത്തിയ അപ്രതീക്ഷിത മുന്നേറ്റം ഇടത് വിജയത്തിൻ്റെ ശോഭ കുറച്ചു.