കോഴിക്കോട്. വാക്‌സിനെടുത്തിട്ടും പേവിഷ ബാധയേറ്റ നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പേരാമ്പ്ര കൂത്താളി സ്വദേശിനി പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. മരണകാരണം പേവിഷബാധ തന്നെ ആണോയെന്നറിയാൻ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കഴിഞ്ഞ മാസം 21നാണ് ചന്ദ്രികയുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്.

മറ്റ് നാല് പ്രദേശവാസികൾക്കും കടിയേറ്റിരുന്നു. പേരാമ്പ്ര താലൂക്കാശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എല്ലാ ഡോസ് വാക്സിനും ചന്ദ്രികയ്ക്ക് നൽകിയിരുന്നു. എന്നാൽ പത്ത് ദിവസം മുൻപ് പനിയും അണുബാധയുമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മരിച്ചു.
ഇതിന് മുൻപ് പാലക്കാടും വാക്സിനെടുത്ത വിദ്യാർഥിനി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു.പേവിഷബാധ സംശയമുള്ളതിനാൽ പരിശോധനയ്ക്കായി സാംപിൾ അയച്ചിട്ടുണ്ട്. ഈ ഫലം ലഭിച്ചാൽ മാത്രമെ മരണകാരണം സ്ഥിരീകരിക്കാൻ കഴികയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.