കോഴിക്കോട്. ബീച്ചിൽ സംഗീത പരിപാടിക്കിടെ വൻസംഘർഷം. പൊലീസുകാരുൾപ്പെടെ 70ല്‍ അധികം പേർക്ക് പരുക്കേറ്റു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് പലതവണ ലാത്തി വീശി..

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി നടത്തിയ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്.
കോഴിക്കോട് ജെഡിടി കോളേജിലെ സ്റ്റുഡന്റ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച കാർണിവലിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു സംഗീത പരിപാടി. അപ്രതീക്ഷിതമായി ഇരുപത്തയ്യായിരത്തോളം പേർ ബീച്ചിലെത്തി.
കൂടുതലും വിദ്യാർഥികൾ. ആൾക്കൂട്ടം അധികമായതോടെ സംഘാടകർ പ്രവേശന കവാടം അടച്ചു. ഇത് തർക്കത്തിനിടയാക്കി. ഉന്തും തള്ളുമായി.

പൊലീസിനു നേരെയും കല്ലേറും കയ്യേറ്റവുമുണ്ടായി. ഇതോടെ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വിവിധ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലും അധികം ആളുകൾ വന്നതാണ് പ്രശ്നത്തിന് കാരണമെന്ന് സംഘാടകർ വിശദീകരിച്ചു.

മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരിപാടിക്ക് അനുമതി നൽകിയതെന്നായിരുന്നു കോർപ്പറേഷൻ്റെ മറുപടി. കമ്മിഷണറും ഡിസിപിയും ഉൾപ്പടെയുള്ള ഉന്നത ഉദ്യോസ്ഥർ രാത്രി തന്നെ സ്ഥലത്തെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.