തിരുവനന്തപുരം:
കണ്ണൂർ സർവകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ ക്രിമിനലാണ്. എല്ലാപരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും ഗവർണർ കുറ്റപ്പെടുത്തി. 
വി സിക്കെതിരെ നിയമപരമായ നടപടികളുമായി നീങ്ങും. രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വി സി നടത്തി. എന്നെ കായികമായി നേരിടാൻ അദ്ദേഹം ഒത്താശ ചെയ്തു. രാജ് ഭവൻ ആവശ്യപ്പെട്ടിട്ട് പോലും അദ്ദേഹം കയ്യേറ്റം റിപ്പോർട്ട് ചെയ്തില്ല. മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചാണ് വി സിയുടെ പ്രവർത്തനങ്ങൾ
സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കും. ഇതിനുള്ള ശ്രമമാണ് താൻ നടത്തുന്നത്. തന്നെ ആർക്കും വിമർശിക്കാം. പദവിയുടെ ധർമം നിർവഹിക്കും. സർക്കാരുമായി രാഷ്ട്രീയ പ്രശ്‌നമില്ലെന്നും ഗവർണർ പറഞ്ഞു.