courtesy. kidilan trolls, fb

2022 ആഗസ്റ്റ് 21 ഞായർ

കേരളീയം

🙏പിഎസ് സി നിയമനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ സംവിധാനം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരമിച്ചശേഷം ഒഴിവു റിപ്പോര്‍ട്ടു ചെയ്താല്‍ പോരാ. ജോലിയില്‍ പ്രവേശിക്കുമ്പോള്‍തന്നെ വിരമിക്കുന്നത് എന്നാണെന്ന് അറിയാം. അതനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കാനാകും.

🙏ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ സമ്മേളനം നാള ആരംഭിക്കും. ബില്ലിന്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ലോകായുക്തയുടെ വിധി പുനപരിശോധിച്ചു തള്ളിക്കളയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.

🙏പാലക്കാട് സിപിഎം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാലു പേര്‍കൂടി അറസ്റ്റിലായി. പോലീസ് കസ്റ്റഡിയിലെടുത്ത് കാണാനില്ലെന്ന പരാതിയില്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് കണ്ടെത്താനാകാത്ത രണ്ടു പേരില്‍ ഒരാളേയും അറസ്റ്റു ചെയ്തിട്ടുണ്ട്.

🙏ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കണ്ടെത്താന്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ പാലക്കാട്ടെ പോലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്തി.

🙏അട്ടപ്പാടി മധു കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നു കോടതി. പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരേ പരാമര്‍ശങ്ങള്‍. പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജഡ്ജിക്കെതിരേ ഫോട്ടോ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വരുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞെന്ന് ഉത്തരവില്‍ പറയുന്നു.

🙏കേരള സര്‍വകലാശാലയുടെ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ എപ്പോള്‍ വേണമെങ്കിലും സര്‍വകലാശാല പ്രതിനിധിക്കു നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികള്‍ നിര്‍ത്തിവയ്ക്കില്ല.

🙏കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് മൂവായിരം രൂപ അഡ്വാന്‍സ് നല്‍കുമെന്നു കെഎസ്ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കാണ് അഡ്വാന്‍സ്. സെപ്തംബര്‍ ആദ്യ വാരം പണം വിതരണം ചെയ്യും.

courtesy. troll malayalam, fb

🙏സമുദായ ക്വാട്ട ഹൈക്കോടതി പുനസ്ഥാപിച്ചു. എന്‍എസ്എസ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പത്തു ശതമാനം സമുദായ ക്വാട്ടയില്‍ നായര്‍ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്നു ഹൈക്കോടതി. പിന്നാക്ക ന്യൂനപക്ഷ മാനേജുമെന്റുകള്‍ അല്ലാത്ത മറ്റു സമുദായങ്ങളുടെ പത്തു ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ റദ്ദാക്കിയ ജൂലൈ 27 ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ എന്‍എസ്എസ് നല്‍കിയ അപ്പീലിലാണ് ഈ വിധി.

🙏തൊടുപുഴയില്‍ പൊലീസുകാരന്‍ മയക്കുമരുന്നുമായി പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ. ഷാനവാസാണ് മൂന്നര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പോലീസ് അസോസിയേഷന്‍ നേതാവാണ് ഇയാള്‍.

🙏വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ദിവസത്തേക്കു മദ്യശാലകള്‍ തുറക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇന്നും നാളേയും മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്.

🙏രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തന്നെ സ്റ്റാഫംഗങ്ങളെ അറസ്റ്റു ചെയ്തത് ബിജെപിയെ പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

🙏വ്യവസായ മന്ത്രി പി രാജീവിന്റെ വാഹനം റൂട്ടുമാറ്റി കൊണ്ടുപോയതിനു സസ്പെന്‍ഡു ചെയ്ത അകമ്പടി വാഹനത്തിലെ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. വഴിമാറ്റി സഞ്ചരിച്ചതില്‍ മന്ത്രിക്ക് അതൃപതിയുണ്ടായെന്ന് ആരോപിച്ചാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്ഐ അടക്കം രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയതത്.

🙏പാര്‍ട്ടി സഖാവിന് കരള്‍ പകുത്തു നല്‍കി ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തക. ഡി.വൈ.എഫ്.ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറി പ്രിയങ്ക നന്ദയാണ് സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ് രാജാലാലിനു കരള്‍ പകുത്തുനല്‍കിയത്.

🙏പാന്റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ചുപിടിപ്പിച്ച് കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്ത് പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ സ്വദേശി കെ ഇസ്സുദ്ദീനാണ് ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്.

🙏മാധ്യമങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിമര്‍ശനം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യം വാര്‍ത്തയാക്കാനാണ് മാധ്യമങ്ങള്‍ മത്സരിക്കുന്നത്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോയെന്നു മാധ്യമങ്ങള്‍ സ്വയം ചിന്തിക്കണം.

courtesy. kidilan trolls, fb

🙏മകനെ ആക്രമിക്കുന്നതു തടയാനെത്തിയ പിതാവ് രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. എറണാകുളം പറവൂര്‍ കൈപ്പടി സ്വദേശി വിമല്‍കുമാര്‍ (54) ആണ് മരിച്ചത്.

🙏തിരുവനന്തപുരം നഗരൂരിനടുത്ത് തേക്കിന്‍കാടുണ്ടായ വാഹനാപകടത്തില്‍ ബൈക്കു യാത്രക്കാരായ അച്ഛനും മകനും മരിച്ചു. നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന്‍ ശ്രീദേവുമാണ് മരിച്ചത്.

🙏ഇടുക്കിയില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബി (43)യാണ് പിടിയിലായത്.

🙏പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയില്‍ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഘത്തിലെ അഞ്ചു പേര്‍ അറസ്റ്റില്‍. രണ്ടു പേരെകൂടി പിടികൂടാനുണ്ട്.

🙏ഗുണ്ടാ നിയമമായ കാപ്പ ചുമത്തി പരപ്പനങ്ങാടിയിലെ വൈഡ് മുജീബെന്ന മുജീബ് റഹ്‌മാനെ നാടുകടത്തി. ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിനാണു നിരോധനം.

🙏ആലപ്പുഴ ചേർത്തല ജിഎച്ച്എസ് കവലയിൽ ലോഡ്ജിനു തീപിടിച്ച് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനമടക്കം നാലു കടമുറികള്‍ കത്തിനശിച്ചു. ആളപായമില്ല.

ദേശീയം

🙏ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ പേമാരി മൂലം 26 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശില്‍ പതിനഞ്ചു പേരാണു മരിച്ചത്. അഞ്ചു സംസ്ഥാനങ്ങലിലും വന്‍നാശം. ജമ്മു കാഷ്മീരില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി.

🙏ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാവുന്ന വകുപ്പുകളുമായി തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയവയെല്ലാം കുറ്റങ്ങളാണ്.

🙏ബെംഗളൂരു- ഹൈദരാബാദ് സെമി ഹൈസ്പീഡ് റെയില്‍പാത പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കുന്ന പാത സജ്ജമാകുന്നതോടെ യാത്രാ സമയം 150 മിനിറ്റായി കുറയ്ക്കാനാകുമെന്നാണു റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിക്കു 30,000 കോടി രൂപ ചെലവ് വരും.

🙏വിനയം വേണം, എല്ലാവരോടും നമസ്തേ പറയണമെന്നും മന്ത്രിമാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.

അന്തർദേശീയം

🙏നിരോധിത ഫണ്ട് കേസില്‍ മൂന്നാം തവണയും ഹാജരാകാത്തതിന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രണ്ടു ദിവസത്തിനകം അറസ്റ്റു ചെയ്തേക്കും. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് അറസ്റ്റിനായി ഒരുങ്ങുന്നത്.

🙏പോളണ്ടിലെ വാഴ്‌സോ വിമാനത്താവളത്തില്‍ 81 കാരി അഞ്ചു ലക്ഷത്തിലേറെ ഡോളര്‍ വില വരുന്ന മയക്കുമരുന്നുമായി പിടിയിലായി. അഞ്ചു കിലോഗ്രാം ഹെറോയിന്‍ പായ്ക്കറ്റുകളുമായാണ് ഇവര്‍ കസ്റ്റംസിന്റെ പിടിയിലായത്.

🙏റഷ്യയില്‍ ജനസംഖ്യാ വര്‍ധനയെ പ്രോല്‍സാഹിപ്പിക്കാന്‍ ‘മദര്‍ ഹീറോ’ പദ്ധതിയുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പത്തു മക്കളുള്ള അമ്മമാര്‍ക്കാണു മദര്‍ ഹീറോ പദവി നല്‍കുക. 13 ലക്ഷം രൂപയും ഇതര സമ്മാനങ്ങളും നല്‍കും.

🙏സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ തീവ്രവാദികള്‍ ഹോട്ടലിനുനേരെ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 20 മണിക്കൂര്‍ നടത്തിയ ഓപ്പറേഷനു ശേഷം ബന്ദികളെ മോചിപ്പിച്ചതായി സൂചനയുണ്ട്. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്.

കായികം

🙏സിംബാബ്വെക്കെ
തിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുക്കുകയും 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണാണ് മാന്‍ ഓഫ് ദി മാച്ച്. ഈ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

🙏ബള്‍ഗേറിയയില്‍ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അന്തിം പംഗല്‍. അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാതാരം എന്ന റെക്കോഡാണ് പംഗല്‍ സ്വന്തമാക്കിയത്. വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് പംഗല്‍ സ്വര്‍ണം നേടിയത്.