തിരുവനന്തപുരം:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 55കാരന് ഏഴ് വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ. തൂത്തുക്കുടി സ്വദേശിയും തിരുവനന്തപുരം ഒന്നാംപുത്തൻ തെരുവിൽ താമസക്കാരനുമായ ചിന്നദുരൈയെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും കൂടി അധിക തടവ് അനുഭവിക്കണം
2020 ഏപ്രിൽ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിച്ച് കളിക്കുകയായിരുന്ന പെൺകുട്ടിയോട് തന്റെ വീട്ടിൽ ഒളിച്ചോളുവെന്ന് പ്രതി പറയുകയും പെൺകുട്ടിയും സഹോദരനും പ്രതിയുടെ വീട്ടിൽ കയറി ഒളിക്കുകയും ചെയ്തു. സഹോദരൻ മറ്റൊരിടത്ത് ഒളിച്ച സമയത്ത് പ്രതി പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടിയ പെൺകുട്ടി സംഭവം വീട്ടുകാരോട് പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.