തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ തേടി സംസ്ഥാന സർക്കാരിന് അദാനി ഗ്രൂപ്പിന്റെ കത്ത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ തുറമുഖ നിർമാണത്തെ ബാധിക്കുമെന്ന് കത്തിൽ പറയുന്നു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് ആഭ്യന്തര വകുപ്പിന് തുടർ നടപടികൾക്ക് കൈമാറി. തുറമുഖ കവാടത്തിൽ ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സർക്കാരിന്റെ സഹായം തേടിയിരിക്കുന്നത്
വിഴിഞ്ഞത്ത് അടുത്ത വർഷത്തോടെ കപ്പൽ എത്തുന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ. സമരം തുടരുകയാണെങ്കിൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാകില്ലെന്നും അദാനി ഗ്രൂപ്പ് കത്തിൽ പറയുന്നു. അതേസമയം ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ സമരം തുടരുമെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. 
തുറമുഖ നിർമാണം നിർത്തിവയ്ക്കുക മണ്ണെണ്ണ സബ്‌സിഡി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി തുടർ ചർച്ച നടക്കും വരെ തുറമുഖ കവാടത്തിനു മുന്നിലെ രാപ്പകൽ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം.