മോഷ്ടിച്ച ബാഗുമായി കള്ളൻ തീവണ്ടിയിൽനിന്ന് ചാടിയത് പോലീസിന്റെ മുന്നിലേക്ക്

തൃശ്ശൂർ: തീവണ്ടിയിൽനിന്ന് 50,000 രൂപയും 80,000 രൂപ വിലയുള്ള സ്വർണവും മൊബൈലുമടക്കം 1.35 ലക്ഷം രൂപയുടെ മുതൽ മോഷ്ടിച്ച്‌ തീവണ്ടിയിൽനിന്ന് കള്ളൻ ചാടിയത് റെയിൽവേ പോലീസിന്റെ മുമ്ബിലേക്ക്.

തമിഴ്‌നാട് ട്രിച്ചി സ്വദേശി വേണുഗോപാൽ ഇതോടെ പിടിയിലായി. നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽനിന്നായിരുന്നു കള്ളന്റെ ചാട്ടം.

പോലീസിനെ കണ്ട് പരുങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാളെ തടഞ്ഞുവച്ചത്. തീവണ്ടിയിൽനിന്ന് ബാഗ് നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചതോടെ കള്ളൻ കൈയോടെ പിടിയിലായി. കൈയിലുണ്ടായിരുന്ന ബിഗ്‌ഷോപ്പർ പരിശോധിച്ചപ്പോഴാണ് ലേഡീസ് ബാഗ് കിട്ടിയത്.

ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസിൽ തൃശ്ശൂരിൽനിന്ന് തിരുവല്ലയ്ക്ക് പോകാൻ കയറിയ കോഴിക്കോട് സ്വദേശിയുടെ ബാഗാണ് ഇയാൾ മോഷ്ടിച്ചത്. ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങി മറ്റൊരു തീവണ്ടിയിൽ തിരിച്ചെത്തിയ പരാതിക്കാരി ബാഗ് തിരിച്ചറിഞ്ഞു കൈപ്പറ്റി.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. റെയിൽവേ പോലീസ് എസ്.ഐ.മാരായ കെ.ഒ. തോമസ്, മനോജ് കുമാർ, കോൺസ്റ്റബിൾമാരായ എം.എസ്. ലാലു, എ.ജെ. സന്ദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Advertisement