വിസ്മയ മോഹൻലാൽ എഴുതിയ പുസ്തകം സത്യൻ അന്തിക്കാടും പ്രിയദർശനും പ്രകാശനം ചെയ്യും; സന്തോഷം പങ്കുവച്ച്‌ മോഹൻലാൽ

തിരുവനന്തപുരം: വിസ്മയ മോഹൻലാൽ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റിന്റെ മലയാള പരിഭാഷയായ നക്ഷത്രധൂളികളുടെ പ്രകാശനം സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് നിർവഹിക്കും.

റോസ്‌മേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള പുസ്തകം നാളെയാണ് പ്രകാശനം ചെയ്യുക.മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകർ.

2021ലെ വാലന്റൈൻ ദിനത്തിലാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പുറത്തിറങ്ങിയത്. പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലും ഇടം പിടിച്ചിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചൻ അടക്കമുള്ളവർ വിസ്മയയുടെ രചനയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു.

മകൾ എഴുതിയ പുസ്തകം സുഹൃത്തുക്കൾ ചേർന്ന് പ്രകാശനം ചെയ്യുന്ന സന്തോഷം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
എന്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ’ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!, മോഹൻ ലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisement