പാലക്കാട്. ഷാജഹാൻ വധക്കേസിൽ ഇന്ന് അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് സംഭവസ്ഥലത്തും ഒളിവിൽ കഴിഞ്ഞ മലമ്പുഴ കവയിലും തെളിവെടുപ്പിനെത്തിച്ചു.കൊലപാതകത്തിന് പിന്നിൽ പ്രതികൾക്ക് ഷാജഹാനോട് ഉണ്ടായിരുന്ന വിരോധമെന്ന് പൊലീസ്.തെളിവെടുപ്പിനെത്തിച്ച പ്രതികൾക്ക് നേരെ നാട്ടുകാർ പ്രതിഷേധിച്ചു


ഷാജഹാൻ്റെ പാർട്ടിയിലെ വളർച്ചയിൽ എതിർപ്പുണ്ടായ പ്രതികൾ ആദ്യം പാർട്ടിയുമായി അകന്നു.2019 ൽ ഷാജഹാൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായതിന് ശേഷമാണ് തർക്കങ്ങൾ ആരംഭിച്ചത്. പിന്നീട് പ്രതികൾ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തതും കൊലപാതക ദിവസം ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കൊലപാതകത്തിലേക്ക് നയിച്ചു

കേസിലെ എട്ട് പ്രതികളും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.ഒന്നാം പ്രതി നവീൻ, ശബരീഷ്,അനീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ശബരീഷ്,അനീഷ്, സുജീഷ് എന്നിവരാണ് ഒന്നാം പ്രതി നവീനിൻ്റെ സാന്നിധ്യത്തിൽ വടിവാൾ ഉപയോഗിച്ച് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.പ്രതികളെ ആയുധമൊളിപ്പിച്ച കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിലും കൃത്യം നടത്തിയ കുന്നംകാടും പൊലീസ് തെളിവെടുപ്പിനെത്തിച്ചു.പ്രതീകാത്മക തൂക്കുകയർ കയ്യിലേന്തിയുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ പ്രയാസപ്പെട്ടാണ് പൊലീസ് നിയന്ത്രിച്ചത്

കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുടെ അറസ്റ്റും പൊലീസ് ഉടൻ രേഖപ്പെടുത്തും