ഇടുക്കി. മറയൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ൽ മറയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷ വിധിച്ചത്. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് പ്രതി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി.
വിചാരണക്കിടെ കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. അതിജീവിതയുടെ പുരനധിവാസത്തിനായി ജില്ല ലീഗൽ സർവീസ് അതോറിട്ടി ഒരു ലക്ഷം രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു. കുട്ടി ഇപ്പോഴും ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എസ് സനീഷ് ഹാജരായി.