കോഴിക്കോട്:
ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് ജാമ്യം നൽകിയ വിധിയിൽ വിചിത്ര പരാമർശവുമായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്നാണ് വിധിന്യായത്തിൽ കോടതി പറയുന്നത്. ജില്ലാ സെഷൻസ് ജഡ്ജി കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് രണ്ട് ലൈംഗിക പരാതികളിലും മുൻകൂർ ജാമ്യം അനുവദിച്ചത്
പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ പരാതി 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ജാമ്യാപേക്ഷക്കൊപ്പം സമർപ്പിച്ച ഫോട്ടോകളിൽ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണ്. പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമർത്താൻ 74 വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി പറയുന്നു
2020 ഫെബ്രുവരി 8ന് കൊയിലാണ്ടിയിൽ നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോൾ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ലൈംഗികമായി ആക്രമിച്ചെന്ന് കാണിച്ച് മറ്റൊരു എഴുത്തുകാരിയും സിവികിനെതിരെ പരാതി നൽകിയിരുന്നു. രണ്ട് കേസിലും സിവികിന് മുൻകൂർ ജാമ്യം ലഭിച്ചു