തിരുവനന്തപുരം.വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ മത്സ്യത്തൊഴിലാളി സമരത്തിൽ സംഘർഷം.
റോഡ് ഉപരോധിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. മരണം വരെ സമരം തുടരുമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.സ്ഥലത്തെ ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചു.

വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരത്തിന്റെരണ്ടാം ദിനം സംഘർഷഭരിതം.സമീപത്തെ റോഡ് തടയുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയത്‌ വാക്കുതർക്കത്തിലേക്ക്. അനുനയ ശ്രമത്തിനെത്തിയ പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിട്ടു.

മരണം വരെ സമരം തുടരുമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് നെറ്റോ സമരസന്ദേശം നൽകി.പ്രതിഷേധക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത്‌ പരിഹരിക്കുമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു.

സ്ഥലത്തെ ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം ലത്തീൻ അതിരൂപതയെ ചർച്ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്. തുറമുഖ നിർമാണം നിർത്തിവെക്കണമെന്നതടക്കമുള്ള 7 ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന രാപകൽ സമരം പൂവാർ, പുതിയതുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് നടക്കുന്നത്.