ചിങ്ങപ്പിറവിയിൽ പ്രതീക്ഷയോടെ മലയാളി; സമൃദ്ധിയുടെ ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

തിരുവനന്തപുരം: പരാധീനതകളുടെ ഒരു കർക്കിടകക്കാലം കൂടി കടന്ന് മലയാളി പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിലേക്ക് കൺതുറക്കുന്നു.

രോഗാതുരമായിരുന്ന മുൻ വർഷങ്ങൾക്ക് വിട നൽകി, ഓണം അതിന്റെ എല്ലാ ആവേശത്തിലും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്ബാടുമുള്ള മലയാളികൾ. വറുതിയുടെയും പേമാരിയുടെയും ആകുലതകൾ നേരത്തേ പോയൊഴിഞ്ഞതിന്റെ തെളിമയിലാണ് ഇക്കുറി മലയാളത്തിന്റെ പുതുവർഷം പിറക്കുന്നത്.

കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മൃതികൾ പേറുന്ന മലയാളിക്ക് കാർഷിക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. എന്നാൽ, ആധുനികതയുടെ അതിപ്രസരം കാര്യമായി ബാധിച്ച മലയാളക്കരയിൽ തിരുവോണം നിറച്ചുണ്ണണമെങ്കിൽ പച്ചക്കറികൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. പൂക്കളും പതിവ് പോലെ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചേരേണ്ടതുണ്ട്.

കൊറോണ വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓണവിപണി പരുങ്ങലിലായിരുന്നു. എന്നാൽ അതിന്റെ ആഘാതത്തിൽ നിന്നും കരകയറാം എന്ന പ്രതീക്ഷയിൽ വ്യാപാര സ്ഥാപനങ്ങൾ ഓഫറുകളുമായി സജീവമായിക്കഴിഞ്ഞു. കൊറോണ പ്രതിസന്ധിയിലായിരുന്ന സാമ്ബത്തിക രംഗം ഈ ഓണക്കാലത്തെ എത്രകണ്ട് പ്രയോജനപ്പെടുത്തും എന്നതും നിർണ്ണായകമാണ്. കൊറോണ കൊണ്ട് പോയ മുൻവർഷങ്ങളുടെ ക്ഷീണമകറ്റാൻ നാട്ടിൻ പുറങ്ങളിലെ ക്ലബ്ബുകളും ഒരുങ്ങിക്കഴിഞ്ഞു. കലാലയങ്ങളും നഷ്ടമായ ഓണമേളങ്ങളെ തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും അടഞ്ഞു കിടന്ന സിനിമാ തിയേറ്ററുകളിലും ഇക്കുറി ആവേശത്തിന്റെ ഓണക്കാലമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബർ ഏഴിനാണ് ഒന്നാം ഓണം. സെപ്റ്റംബർ എട്ട് വ്യാഴാഴ്ചയാണ് തിരുവോണം.

Advertisement