പാലക്കാട്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലപാതകത്തിൽ
മുഴുവൻ പ്രതികളും പിടിയിൽ. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതികളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും.


കൃത്യം നടന്ന് 48 മണിക്കൂർ പിന്നിടും മുൻപാണ് കേസിലെ മുഴുവൻ പ്രതികളും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.
എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്.ഇതിൽ രണ്ട് പേർ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട്‌ കൈക്കും വെട്ടിയ പ്രതികൾ ഷാജഹാൻ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഷാജഹാനെ അക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.


പ്രതികൾക്ക് ഷാജഹാനുമായി നേരത്തെ വിരോധമുണ്ടായിരുന്നതാണ് കൊലയ്ക്ക് കാരണമായത്. ഷാജഹാനുമായി തർക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു.ഇവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ, കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഗൂഢാലോചന സംശയത്തെ തുടർന്ന് കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്ത രണ്ട് പേരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഈ മാസം 14 ന് പാലക്കാട് ചന്ദ്രനഗറിലുള്ള ചാണക്യ ഹോട്ടലിൽ പ്രതികൾ ഒത്തുചേർന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായവരുടെ അറസ്റ്റ് പൊലീസ് നാളെ രേഖപ്പെടുത്തും.