തിരുവനന്തപുരം:
ലോകായുക്ത ബില്ലിനെ ചൊല്ലി മന്ത്രിസഭയിൽ ഭിന്നത. ബില്ലിൽ എതിർപ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ രംഗത്തെത്തി. മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിർപ്പ് അറിയിച്ചത്. ഈ രൂപത്തിൽ ബിൽ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് മന്ത്രിമാർ അറിയിച്ചത്.
ഈ മാസം 22 മുതൽ നിയമ നിർമാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നുണ്ട്.  ഗവർണറുടെ നിലപാടിനെ തുടർന്ന് അസാധുവായ ലോകായുക്ത ഓർഡിനൻസ് ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുന്നതിനായാണ് മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടുവന്നത്. 
ഇത് പരിഗണിക്കുമ്പോഴാണ് സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും പാർട്ടിയുടെ നിലപാട് അറിയിച്ചത്. ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും രാഷ്ട്രീയ കൂടിയാലോചന നടത്തിയെ മതിയാകൂവെന്നും സിപിഐ മന്ത്രിമാർ പറഞ്ഞു. വിഷയം ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയായിരുന്നു.