മലപ്പുറം: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം വൈറലാകുന്നു.

മലപ്പുറം വേങ്ങര നൊട്ടപ്പുറം ജിഎൽപിഎസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്കൂൾ ലീഡർ കൂടിയായ മെഹനാസ് കാപ്പൻ. ​ ഹത്രാസിൽ ദളിത്​ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് രാജ്യദ്രോഹം ആരോപിക്കപ്പെട്ട് സിദ്ദീഖ്​ കാപ്പൻ അറസ്റ്റിൽ ആകുന്നത്.

ഒരു പൗരൻറെ എല്ലാ വിധ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ അടക്കപ്പെട്ട മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ മകൾ എന്ന് പരിചയപ്പെടുത്തിയാണ് മെഹനാസ് പ്രസംഗം തുടങ്ങുന്നത്. ”ഇന്ത്യ മഹാരാജ്യം 76-ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്ത് വച്ച ഈ മഹത്തരമായ വേളയിൽ ഒരു ഭാരതീയനെന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും പറയട്ടെ, ഭാരത് മാതാ കീ ജയ്. ഗാന്ധിജിയുടെയും നെഹ്റുവിൻറെയും ഭഗത് സിംഗിൻറെയും… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മക്കളുടെയും വിപ്ലവ നായകരുടെയും ജീവത്യാഗത്തിൻറെ ഫലമായി നമുക്ക് നേടിയെടുക്കാൻ സാധിച്ചതാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.

ഇന്ന് ഓരോ ഭാരതീയനും അവൻ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടക്കണം എന്നെല്ലാം ചോയ്സുകളുണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇറങ്ങി പോകാൻ പറയുന്നവരെ എതിരിടാൻ ഓരോ ഭാരതീയനും അവകാശമുണ്ട്. എന്നാൽ, ഇന്നും അശാന്തി എവിടെയൊക്കെ പുകയുന്നുണ്ട്. അതിൻറെ പ്രതിഫലനമാണ് മതം, വർണം, രാഷ്ട്രീയം ഇതിൻറെ എല്ലാം അടിസ്ഥാനത്തിൽ നടക്കുന്ന അക്രമങ്ങൾ. ഇതിനെയെല്ലാം ഒരുമിച്ച്‌ സ്നോഹത്തോടെയും ഐക്യത്തോടെയും പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും മായ്ച്ച്‌ കളയണം. ഇനിയും ഇന്ത്യയെ ഉന്നതിയുടെ കൊടുമുടിയിൽ എത്തിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഇന്ത്യയെ സ്വപ്നം കാണണം. ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതകരുത്” എന്ന് പറഞ്ഞാണ് മെഹനാസ് പ്രസംഗം അവസാനിപ്പിക്കുന്നത്.

അതേസമയം, മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അലഹാബാദ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറ്റപത്രം പരിശോധിക്കുമ്പോൾ ഈ വാദം നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കി. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിലുണ്ട്.