പാലക്കാട്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് എഫ്‌ഐആർ. പ്രതികൾ ബിജെപി അനുഭവികളെന്നും പോലീസ്. കൊലപാതകം നടത്തിയത് വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചെന്നും എഫ്ഐആറിൽ പറയുന്നു.എന്നാൽ സിപിഎം പ്രവർത്തകർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.


ഇന്നലെ രാത്രി 9.45 ഓടെയാണ് മരുത റോഡിലെ വീടിന് മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘം ഷാജഹാനെ കൊലപ്പെടുത്തിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അക്രമണം. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.എട്ട് പ്രതികളും ബിജെപി അനുഭാവികളെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിൽ ഷാജഹാന്റെ തലയ്ക്കും, ശരീരത്തിലും ഗുരുതര പരിക്കേറ്റെന്നും എഫ്‌ഐആറിലുണ്ട്.ഷാജഹാനെ ലക്ഷ്യമിട്ട് തന്നെയാണ് RSS സംഘം എത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു

ശബരീഷ്,അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നീ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരും ഇതുവരെ പിടിയിലായിട്ടില്ല.

അതേസമയം പാർട്ടി പ്രവർത്തകർ തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി സുരേഷ് രംഗത്തെത്തി.പാർട്ടി പത്രം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സുരേഷ് പറയുന്നു

2008 ൽ കുന്നക്കാട് ആർഎസ്എസ് പ്രവർത്തകനായ ആറുച്ചാമിയെ കൊലപ്പെടുത്തിയ കേസിൽ ഷാജഹാൻ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സിപിഎം അനുഭാവികളായ പ്രതികൾ മാസങ്ങൾക്ക് മുൻപാണ് ബിജെപിയിൽ ചേർന്നത്.പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.അമിതമായ രക്തം വാർന്നതാണ് മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്