കൊവിഡിന് മുൻപ് നാല് ലക്ഷം, ഇപ്പോൾ 1.30 ലക്ഷം ട്രെയിൻ ഉപേക്ഷിച്ച്‌ യാത്രക്കാർ

Advertisement

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊവിഡ് കാലത്തിന് മുൻപ്, 2019 ജൂലായിൽ, നാലുലക്ഷത്തിലധികം പതിവുയാത്രക്കാരുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ജൂലായിലെ യാത്രക്കാർ 1.30 ലക്ഷം മാത്രം.

ട്രെയിൻ ഗതാഗതം പഴയപോലെയായിട്ടും സ്ഥിരം യാത്രക്കാരിൽ മൂന്നിലൊന്നും തിരികെയെത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് റെയിൽവേയെ കുഴക്കുന്നത്.

അതേസമയം ടിക്കറ്റ് നിരക്കും പാഴ്‌സൽ സർവീസുകളും കൂടിയതോടെ കാര്യമായ നഷ്ടം റെയിൽവേക്കില്ല. ഹ്രസ്വദൂര, പതിവുയാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും റിസർവേഷൻ യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. കൊവിഡിനു ശേഷം റിസർവ്ഡ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായെങ്കിലും വരുമാനത്തിൽ കാര്യമായ കുറവില്ല.

ചെറുകിട തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതും യാത്രകൾ ഉപേക്ഷിച്ച്‌ ഓൺലൈൻ ഇടപാടുകളിലേക്ക് മാറിയതുമാകാം യാത്രക്കാരുടെ കുറവിന് ഒരു കാരണമെന്നാണ് കരുതുന്നത്. പതിവ് യാത്രക്കാരുടെ ആശ്രയമായിരുന്ന പാസഞ്ചർ ട്രെയിനുകൾ എക്‌സ്പ്രസുകളായി രൂപംമാറി ടിക്കറ്റ് നിരക്ക് കൂടിയതും കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.

പഴയ പാസഞ്ചർ വണ്ടികളെല്ലാം എക്‌സ്പ്രസ് നിരക്കിൽ പ്രത്യേക വണ്ടികളായാണ് ഓടുന്നതെന്നതും പകൽ യാത്രയ്ക്ക് റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്‌ളാസ് ടിക്കറ്റുകൾ നൽകുന്നില്ലായെന്നതുമാണ് കൊവിഡാനന്തരമുള്ള രണ്ട് പ്രധാന വ്യത്യാസങ്ങൾ.

തൃശൂർ മാതൃക
ഹ്രസ്വദൂര യാത്രക്കാരുടെ എണ്ണത്തിൽ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മേഖലയാണ് തൃശൂർ – എറണാകുളം. കേരളത്തിന്റെ വ്യവസായ, വാണിജ്യ കേന്ദ്രമെന്നനിലയിൽ വിവിധ വിഭാഗങ്ങളിൽ പെട്ട നിരവധി ആളുകൾ കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. മറ്റൊരു പ്രധാന മേഖലയായ കൊല്ലം – തിരുവനന്തപുരം റൂട്ടിൽ കൂടുതലും സർക്കാരിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്നവരാണ് യാത്ര ചെയ്യുന്നത്. അതിനാൽ ഒരു ഉദാഹരണമെന്ന നിലയിൽ തൃശൂരിനെ പരിഗണിക്കുന്നത് പ്രസക്തമാണെന്നാണ് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.

തൃശൂർ സ്‌റ്റേഷനിലെ വരുമാനം 2019 ജൂലായ്:
4 ലക്ഷത്തിലധികം പതിവുയാത്രക്കാർ മൂന്നുകോടി
2600 സീസൺ ടിക്കറ്റുകാർ ഒമ്പതര ലക്ഷം
16,000 റിസർവ്ഡ് ടിക്കറ്റുകൾ, 32,000 യാത്രക്കാർ 1.10 കോടി.

2022 ജൂലായ്:

1.30 ലക്ഷം യാത്രക്കാർ 1.25 കോടി.
1200 സീസൺ ടിക്കറ്റുകാർ 4.25 ലക്ഷം
14,000 റിസർവ്ഡ് ടിക്കറ്റുകൾ, 24,000 യാത്രക്കാർ 1 കോടി.

റെയിൽവേയുടെ സ്ഥിര നിക്ഷേപമായി കണക്കാക്കുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ എണ്ണവും അവരിൽനിന്നുള്ള വരുമാനവും പകുതിയിൽ താഴെയായിരിക്കുന്നു. പൊതുഗതാഗതം പാടെ നിലച്ചുപോയ കൊവിഡ് കാലത്ത് ഭൂരിഭാഗവും സ്വകാര്യ, ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിട്ടുണ്ട്. അങ്ങനെ മാറിയവരിൽ ഭൂരിപക്ഷവും തിരിച്ചു വന്നില്ലയെന്നതും വസ്തുതയാണ്. ഒരുമാറ്റത്തിന്റെ തുടക്കം ദൃശ്യമാണ്. കേരളത്തിലെ അക്കാഡമിക സമൂഹം ഈ വിഷയം ഗൗരവമായ പഠനത്തിനും വിശകലനത്തിനും വിധേയമാക്കണം. റെയിൽവേയും പരിശോധിക്കേണ്ട വിഷയമാണെന്നും ചൂണ്ടിക്കാട്ടുന്നു.

Advertisement