2022 ആഗസ്റ്റ് 15 തിങ്കൾ

🙏 ഇന്ന് സ്വാതന്ത്ര്യദിനം. എല്ലാവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ സ്വാതന്ത്ര്യദിനാശംസകള്‍

കേരളിയം

🙏തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും.

🙏പാലക്കാട് മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്നു. 39 വയസായിരുന്നു. രാത്രി ഒമ്പതിനു സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലങ്കാരങ്ങള്‍ റോഡരികില്‍ ഒരുക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണു കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു. മരുതറോഡ് പഞ്ചായത്തില്‍ ഇന്നു സിപിഎം ഹര്‍ത്താല്‍. .

courtesy. martin joseph koottummel, fb

🙏2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സിപിഎം. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല വീതിച്ചു നല്‍കിയാണ് ആദ്യഘട്ട ഒരുക്കങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.

🙏ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്നു രാവിലെ പത്തിന് 50 സെന്റീ മീറ്റര്‍ വീതം തുറക്കും. ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഈ നടപടി.

🙏സംഘപരിവാറിന്റേയും സിപിഎമ്മിന്റേയും ത്രിവര്‍ണ പതാകയോടുള്ള അഭിനവ പ്രേമം കാപട്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. പ്രവൃത്തിയിലാണ് ഇക്കൂട്ടര്‍ ആത്മാര്‍ത്ഥത കാണിക്കേണ്ടത്.

🙏കൊച്ചി നഗരത്തില്‍ വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍. ട്രാന്‍സ്ജെന്‍ഡര്‍മാരുമായുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ്, മരട് സ്വദേശി സുധീര്‍, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്.

🙏സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരന്‍ ടി പദ്മനാഭന്‍. എ സി ഗോവിന്ദന്റെ സമ്പൂര്‍ണ്ണകൃതികള്‍ കോഴിക്കോട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘

🙏വിവാദങ്ങള്‍ കൂസാതെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ മലയാളം അസോസിയേറ്റ് പ്രഫസറായി കണ്ണൂര്‍ സര്‍വകലാശാല നിയമിച്ചു. ഏറ്റവും കുറഞ്ഞ സ്‌കോറുള്ളയാളെയാണു നിയമിച്ചതെന്ന ആരോപണം സര്‍വകലാശാല തള്ളി.

🙏നിലമ്പൂര്‍ വഴിക്കടവില്‍ ചപ്പുചവറുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയില്‍ അറസ്റ്റ്. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റു ചെയ്തത്.

🙏തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങള്‍ക്കിടയില്‍ ഗാന്ധിജിയുടെ ഫ്രെയിം ചെയ്ത ചിത്രം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി ചിത്രം കൊണ്ടുപോയി.

🙏പോക്സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെ (63) അറസ്റ്റു ചെയ്തു. എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്‍.

.

🙏കണ്ണൂര്‍ വിമാനത്താവളത്തില്‍ 1,521 ഗ്രാം സ്വര്‍ണവുമായി ചെര്‍ക്കള, കാഞ്ഞങ്ങാട് സ്വദേശികളായ ഇബ്രാഹിം ഖലീല്‍, അബ്ദുള്‍ ബാസിത് എന്നിവരെ പിടികൂടി. അബുദാബിയില്‍നിന്നാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ദേശീയം

🙏യുവജനങ്ങള്‍ രാജ്യത്തിനും ജനക്ഷേമത്തിനുമായി പ്രവര്‍ത്തിച്ച് 2047 ആകുമ്പോഴേക്കും രാജ്യത്തെ കെട്ടിപ്പടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പവുമായി രാജ്യം മുന്നോട്ടു പോകണം.

🙏ത്രിവര്‍ണ പതാകകള്‍ ഉയര്‍ന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി 141 കോടി ഇന്ത്യക്കാര്‍. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്നു രാവിലെ ഏഴരയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

🙏മഹാരാഷ്ട്രയില്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനു ആഭ്യന്തര വകുപ്പും ധനകാര്യ വകുപ്പും അടക്കമുള്ള സുപ്രധാന വകുപ്പുകള്‍. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേക്ക് നഗരവികസന വകുപ്പാണ് ലഭിച്ചത്. ഷിന്‍ഡേ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഏറെ നാളുകള്‍ക്കുശേഷമാണ് വകുപ്പ് വിഭജനം നടത്തിയത്.

🙏അരുമ്പാക്കത്ത് ഫെഡ് ബാങ്ക് കൊള്ളയടിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റുചെയ്തു. കൊള്ളയുടെ മുഖ്യസൂത്രധാരനായ മുരുകന്റെ സഹായികളായ ബാലാജി, ശക്തിവേല്‍, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഫെഡ് ബാങ്ക് ജീവനക്കാരനായ മുരുകനും സുഹൃത്ത് സൂര്യയും ഒളിവിലാണ്.

🙏രാജസ്ഥാനില്‍ അധ്യാപകര്‍ക്കുള്ള പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിനു മര്‍ദ്ദനമേറ്റു ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം
വ്യാപകം. പലയിടത്തും സംഘര്‍ഷം. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

അന്തർദേശീയം

🙏ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചു. 55 പേര്‍ക്കു പൊള്ളലേറ്റു.

🙏അമേരിക്ക സമ്മര്‍ദം ചെലുത്തിയിട്ടും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ വിദേശനയത്തെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറിലെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ചത്.

കായികം

🙏ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഇത്തവണ ബ്രെന്റ്ഫോര്‍ഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. അതേസമയം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തില്‍ പിഎസ്ജി മോണ്ട്‌പെല്ലിയെറിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലാലിഗയിലെ ആദ്യ മത്സരത്തില്‍ ബാര്‍സിലോനയ്ക്ക് നിരാശപ്പെടുത്തുന്ന തുടക്കം. റയോ വയ്യേക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ ബാര്‍സ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി.