courtesy. kidilan trolls,fb

2022 ആഗസ്റ്റ് 14 ഞായർ

BREAKING NEWS

👉 കൊച്ചിയിൽ യുവാവിനെ കുത്തി കൊന്നു.വാരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്.പുലർച്ചെ രണ്ടിനായിരുന്നു സംഭവം.

👉 ആലപ്പുഴ പോലീസ് ക്വോർട്ടേഴ്സിലെ കൂട്ടകൊല കേസ്സിൽ കുറ്റപത്രം സമർപ്പിച്ചു. മരിച്ച
നജ്ലയുടെ ഭർത്താവ്
റനീസ് ഒന്നാം പ്രതി .

കേരളീയം

🙏 രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനമായ നാളെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും.

🙏തുവര പരിപ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് മുപ്പതു രൂപ വരെയാണ് വര്‍ധന. നൂറു രൂപയുണ്ടായിരുന്ന പരിപ്പിന് 130 രൂപയായി. രണ്ടാം തരം പരിപ്പിന് 95 രൂപയില്‍നിന്ന് 115 രൂപയായി. പയര്‍- 95, മുതിര- 85, ഉഴുന്ന്- 125, കടല- 80, ചെറുപയര്‍- 105 എന്നിങ്ങനെയാണു വില. ഇവയ്ക്കെല്ലാം കിലോയ്ക്ക് 15 മുതല്‍ 30 വരെ രൂപ വില വര്‍ധിച്ചു. മുളകിനാണു റിക്കാര്‍ഡ് വില വര്‍ധന. 325 രൂപ.

🙏തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ സഹായിക്കാനാണ്. ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലകളും കോര്‍പ്പറേറ്റുകള്‍ക്ക് എഴുതി കൊടുക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

courtesy.martin joseph koottummel, kidilan trolls, fb

🙏മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാണെങ്കിലും അവരെ പ്രതികളാക്കാതെയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
.

🙏ത്രിവര്‍ണ പതാക കണ്ടാല്‍ ഹാലിളകിയിരുന്നവരാണ് ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കപട ദേശീയതയിലൂടെ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

🙏എന്തു പറയണം, എന്തു ചിന്തിക്കണം, എന്തു ഭക്ഷിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

🙏ദേശീയ പതാക കൈമാറാന്‍ എത്തിയ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനെ ബിജെപി നേതാക്കള്‍ അപമാനിച്ചതായി പരാതി. ബിജെപി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ എത്തിയവര്‍ ജാതി വിളിച്ചും അസഭ്യം പറഞ്ഞും അധിക്ഷേപിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ മലമ്പുഴ പൊലീസില്‍ പരാതി നല്‍കി.

🙏2024 ല്‍ ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കലണ്ടര്‍ നടപ്പാക്കും. 2026 ല്‍ 50 ശതമാനം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുമെന്നും റിയാസ് പറഞ്ഞു.

🙏കാഷ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ ഉദ്ദേശിച്ചത് എന്താണെന്നും ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ കാരണം എന്തെന്നും അദ്ദേഹത്തോടുതന്നെ ചോദിക്കൂവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

🙏പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കും എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിപിന്‍ പോളിനും എതിരായ ‘മീ ടു’ ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ. സിനിമയുടെ ക്രെഡിറ്റ്സില്‍ നിന്ന് സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

🙏സംസ്ഥാനത്തെ മദ്യശാലകള്‍ക്കു നാളെ അവധി. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ബിവറേജസ് കോര്‍പറേഷനാണ് അവധി പ്രഖ്യാപിച്ചത്.

🙏കൈക്കൂലി വാങ്ങി സ്വര്‍ണക്കടത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അനീഷ്, ഉമേഷ് കുമാര്‍ സിംഗ് എന്നീവര്‍ക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി.

🙏മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ട് തെറ്റിച്ചെന്ന പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്. തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി മറ്റൊരു വഴിയ്ക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്പെന്‍ഡ് ചെയ്തതിനെതിരേ പൊലീസ് സേനയില്‍ അതൃപ്തിയുണ്ടെന്നാണു റിപ്പോര്‍ട്ട്.

🙏പട്ടാപ്പകല്‍ കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. അജീഷ് ഖാന്റെ ഉടമസ്ഥതയിലുള്ള പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട്ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.

🙏മലപ്പുറം തിരൂരില്‍ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് നാട്ടുകാരെ അടിക്കുകയും ചെയ്ത രണ്ടു പേര്‍ പിടിയില്‍. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിവരാണ് പിടിയിലായത്.

🙏തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തോട്ടിന്‍ കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്താണ് മരിച്ചത്. ആളുമാനൂര്‍ മഠത്തിനു സമീപത്തെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

🙏സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച യാത്രക്കാരന്‍ ലോറിയിടിച്ചു മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി – 28 ) ആണ് മരിച്ചത്. ആലപ്പുഴ – പുന്നപ്ര ദേശീയപാതയില്‍ കുറവന്‍തോടാണ് അപകടമുണ്ടായത്.

🙏വാട്ടര്‍ അതോറിറ്റിയുടെ മാന്‍ഹോളിന്റെ അടപ്പുകള്‍ മോഷ്ടിച്ചു വില്‍ക്കുന്ന രണ്ടു പേര്‍ പിടിയില്‍. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശി അനീഷ്, വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാര്‍ എന്നിവരെയാണ് തിരുവനന്തപുരത്ത് അറസ്റ്റു ചെയ്തത്.

ദേശീയം

🙏രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്നു വൈകുന്നേരം ഏഴിനു രാജ്യത്തെ അഭിസംബോധന ചെയ്യും.

🙏എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം നാളെ. വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തിയാണ് ആഘോഷം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തിയശേഷം പ്രസംഗിക്കും.

🙏ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ ജീവനക്കാരന്റെ നേതൃത്വത്തില്‍ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്ന് 20 കോടി രൂപയാണു കവര്‍ന്നത്. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടാണ് കവര്‍ച്ച.

🙏യുദ്ധത്തെത്തുടര്‍ന്ന് യുക്രെയിനില്‍നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കര്‍ പറഞ്ഞു.

🙏ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി. ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്ന ‘യുവാന്‍ വാങ് അഞ്ചി’നാണ് ശ്രീലങ്ക അനുമതി നല്‍കിയത്.
.

🙏’ആസാദ് കാഷ്മീര്‍’ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ ജി.എസ് മണിയാണ് പരാതി നല്‍കിയത്. സിപിഎം താക്കീതു നല്‍കിയതോടെ ജലീല്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

🙏തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികളെ പൊള്ളാച്ചിയില്‍ ആക്രമിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ലോഡുമായി പോകുകയായിരുന്ന ലോറികള്‍ അടിച്ചു തകര്‍ത്തതിനാണ് അറസ്റ്റ്.

🙏രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനിക്കു കേന്ദ്ര സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. 33 അംഗരക്ഷകരെയും അനുവദിച്ചു. മുകേഷ് അംബാനിക്കു പിന്നാലെ ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രണ്ടാമത്തെ വ്യവസായിയാണ് ഗൗതം അദാനി.

🙏ത്രിവര്‍ണപതാക ഉയര്‍ത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്നും ഹൃദയത്തിലും വേണമെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്ത് എത്രമാത്രം ജനാധിപത്യം അവശേഷിക്കുന്നുവെന്ന് നാം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

🙏ജനസംഖ്യാ നിയന്ത്രണത്തിനായി നവദമ്പതികള്‍ക്ക് ‘വെഡ്ഡിംഗ് കിറ്റ്’ നല്‍കുമെന്ന് ഒഡീഷ സര്‍ക്കാര്‍. വിവാഹ കിറ്റില്‍ കുടുംബാസൂത്രണ രീതികളും നേട്ടങ്ങളും വിശദീകരിക്കുന്ന ബുക്ക് ലെറ്റ്, വിവാഹ രജിസ്ട്രേഷന്‍ ഫോം, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, എമര്‍ജന്‍സി ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയുണ്ടാകും. വധുവിന് ആവശ്യമായ വസ്ത്രങ്ങള്‍, തൂവാലകള്‍, ചീപ്പ്, നെയില്‍ കട്ടര്‍, കണ്ണാടി, ഹോം പ്രെഗ്നന്‍സി ടെസ്റ്റിംഗ് കിറ്റ് എന്നിവയടങ്ങുന്ന സമ്മാന പായ്ക്കറ്റും നല്‍കും.

🙏തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വാഹനത്തിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു. ജമ്മു കാഷ്മീരിലെ രജൗരിയില്‍ വീരമൃത്യു വരിച്ച സൈനികന്‍ ഡി ലക്ഷ്മണന്റെ മൃതദേഹം മധുര വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അഞ്ച് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

🙏ഹര്‍ ഘര്‍ തിരംഗ യാത്രക്കിടെ മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തിരംഗ യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറി. കുത്തേറ്റ് പരിക്കുകളോടെ നിതിന്‍ പട്ടേല്‍ അടക്കം ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്തർദേശീയം

🙏സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത മയക്കുമരുന്നു ഗുളികകള്‍ കസ്റ്റംസ് പിടികൂടി. ജിദ്ദ തുറമുഖത്ത് എത്തിയ പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍. അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

കായികം

🙏രാജസ്ഥാന്‍ റോയല്‍സ് ഉടമക്കെതിരെ ഗുരുതര ആരോപണവുമായി ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലര്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന കാലത്ത് പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചേസ് ചെയ്യുന്നതിനിടെ പൂജ്യത്തിന് പുറത്തായതിന്റെ പേരില്‍ ടീം ഉടമ മൂന്നോ നാലോ തവണ കരണത്തടിച്ചുവെന്നാണ് ആരോപണം.