കണ്ണൂർ. കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കാനുള്ള ക്രമവിരുദ്ധ നീക്കം തെളിയിക്കുന്ന നിർണായക രേഖ പുറത്ത്. ഗവേഷണപ്രസിദ്ധീകരണങ്ങൾക്കുള്ള സ്കോർ പോയിന്റിൽ ഏറ്റവും കുറവ് ലഭിച്ചത് പ്രിയ വർഗീസിനെന്ന് വിവരാവകാശ രേഖ. ഉയർന്ന റിസർച്ച് സ്കോർ പോയിന്റുള്ളവരെ മറികടന്നാണ് പ്രിയ വർഗീസിന് ഇൻറർവ്യൂവിൽ ഏറ്റവും കൂടുതൽ മാർക്ക് നൽകിയത്.

കണ്ണൂർ സർവ്വകലാശാലയുടെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ചതിന് പിന്നിൽ ക്രമവിരുദ്ധ നീക്കമാണെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് വിവരാവകാശ രേഖ. തസ്തികയിലേക്ക് ഇൻറർവ്യൂവിന് തിരഞ്ഞെടുക്കപ്പെട്ടത് 6 പേർ. ചങ്ങനാശ്ശേരി SB കോളേജ് അധ്യാപകനായ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോർ 651. പട്ടികയിൽ ആറാം സ്ഥാനത്തുള്ള പ്രീയ വർഗീസിൻ്റെ സ്കോർ 156. എന്നാൽ ഇൻറർവ്യൂവിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ജോസഫ് സ്കറിയയ്ക്ക് ഇൻ്റർവ്യു ബോർഡ് നൽകിയത് 30 മാർക്ക്. പ്രിയ വർഗീസിന് ഏറ്റവും ഉയർന്ന സ്കോറായ 32 മാർക്ക് ലഭിച്ചു. ഉയർന്ന റിസർച്ച് സ്കോർ പോയിന്റുള്ളവരെ ഇന്റർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളിയെന്ന ആരോപണത്തിന് ബലം പകരുന്ന തെളിവ്.

ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം കാലയളവ് അധ്യാപന പരിചയമായി പരിഗണിച്ചുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രിയ വർഗീസിന് നിയമനം ഉറപ്പാക്കാൻ വൈസ് ചാൻസിലറും സെലക്ഷൻ കമ്മിറ്റിയും ചേർന്ന് അട്ടിമറി നടത്തിയെന്ന് ആരോപണം. വിവരാവകാശ രേഖ സഹിതം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.