കേരളത്തിൽ 19 ദിവസം, 453 കി.മീ പദയാത്ര; രാഹുലിൻറെ ഭാരത് ജോഡോ യാത്ര വൻ വിജയമാക്കാൻ കെപിസിസി ‘മാസ്റ്റർ പ്ലാൻ’

തിരുവനന്തപുരം: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വൻ വിജയമാക്കാൻ കെ പി സി സി തീരുമാനം. രാഹുലിൻറെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11നാണ് കേരളത്തിൽ പ്രവേശിക്കുന്നത്.

സെപ്റ്റംബർ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബർ 11ന് രാവിലെ കേരള അതിർത്തിയിലെത്തും. കേരള അതിർത്തിയായ കളിക്കാവിളയിൽ ഭാരത് ജോഡോ യാത്രയ്ക്ക് വൻ സ്വീകരണം നൽകും. രാവിലെ ഏഴു മുതൽ 10 വരെയും തുടർന്ന് വൈകുന്നേരം നാല് മുതൽ രാത്രി ഏഴു വരെയുമായി ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാതവഴിയും തുടർന്ന് തൃശ്ശൂർ നിന്നും നിലമ്പൂർ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.

കേരള പര്യടനം നടത്തുന്ന ജോഡോ യാത്ര വൻ വിജയമാക്കാൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പിയുടെ നേതൃത്വത്തിൽ കെ പി സി സി ആസ്ഥാനത്ത് ചേർന്ന സമ്പൂർണ്ണ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. എഐസിസി ജനറൽ സെക്രട്ടി കെ സി വേണുഗോപാലാണ് സമ്പൂർണ്ണ എക്‌സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന്റെ തിരിച്ച് വരവിനെ മോദിയും ബി ജെ പിയും ഭയക്കുന്നതിനാലാണ് ദേശീതലത്തിൽ വിലക്കയറ്റത്തിനെതിരെ എ ഐ സി സി നടത്തിയ പ്രക്ഷോഭത്തെ മോദി പരിഹസിച്ചതെന്നും ബിജെപി ഭരണത്തിന് അന്ത്യം കുറിയ്ക്കാൻ കോൺഗ്രസിന് ശക്തി പകരുന്നതിന് തുടക്കം കുറിക്കലാവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി.വേണുഗോപാൽ പറഞ്ഞു. മുതിർന്ന നേതാവ് എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജോഡോ യാത്രയെ സംബന്ധിച്ച വിശദാംശങ്ങൾ കേരള കോഡിനേറ്ററും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി യോഗത്തിൽ വിശദീകരിച്ചു.

പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂർത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണ്ണാടകത്തിലേക്ക് പ്രവേശിക്കും.മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങൾ കന്യാകുമാരി മുതൽ കാശ്മീർ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റർ രാഹുൽ ഗാന്ധിയോടൊപ്പം പദയാത്രയിൽ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങൾ അതാത് സംസ്ഥാനങ്ങളിൽ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളിൽ നിന്നും പദയാത്രയിൽ പങ്കാളിത്തം ഉറപ്പാക്കാൻ 100 അംഗങ്ങളെയും ഉൾപ്പെടുത്തും. ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ക്രമീകരണങ്ങൾ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികൾക്കും കെപിസിസി രൂപം നൽകിയിട്ടുണ്ട്.

കേരളത്തിൽ പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂർ, തൃശ്ശൂർ, വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, ഷൊർണ്ണൂർ, പട്ടാമ്പി, പെരുന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി 14 ജില്ലകളിലും 140 അസംബ്ലി മണ്ഡലങ്ങളിലും മുഴുവൻ കോൺഗ്രസ് മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിപുലമായ യോഗം വിളിച്ച് ചേർത്ത് സ്വാഗതം സംഘം രൂപീകരിക്കും. ജില്ലാതല സ്വാഗത സംഘം രൂപീകരണയോഗം ആഗസ്റ്റ് 17 മുതൽ 21 വരെ നടക്കും.

വിവിധ ജില്ലകളിലായി നടക്കുന്ന കൺവെൻഷനുകളിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ കേരള കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ പങ്കെടുക്കും. ആഗസ്റ്റ് 17ന് എറണാകുളം, തൃശ്ശൂർ, 18ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 19ന് മലപ്പുറം, പാലക്കാട്, കോഴിക്കോട്, 20ന് ഇടുക്കി, കോട്ടയം, വയനാട്, 21ന് കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലെ കൺവെൻഷനുകൾ നടക്കും. ജില്ലാസ്വാഗതസംഘം രൂപീകരണ യോഗം പൂർത്തിയാകുന്ന ജില്ലകളിൽ രണ്ടു ദിവസം കഴിഞ്ഞ് നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ യോഗങ്ങൾ വിളിച്ചു ചേർക്കും. അതത് ജില്ലകളിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, കെപിസിസി നിർവാഹസമിതി അംഗങ്ങൾ, ഭാരത് ജോഡോ യാത്ര ജില്ലാ കോർഡിനേറ്റർമാർ, മുൻ കെപിസിസി-ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം, പ്രസിഡൻറുമാർ, പോഷകസംഘടന-സെല്ലുകൾ- ഡിപ്പാർട്ടുമെൻറുകൾ എന്നിവയുടെ ഭാരവാഹികൾ, മുൻ എംപിമാർ, മുൻ എംഎൽഎമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിന്ധികൾ തുടങ്ങിയവരാണ് സ്വാഗതസംഘ രൂപീകരണ സമിതികളിൽ പങ്കെടുക്കുക