തിരുവനന്തപുരം .വിവാദങ്ങള്‍ക്കിടെ കശ്മീരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെ.ടി.ജലീല്‍. പോസ്റ്റിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നും നാടിന്റെ നന്‍മയ്ക്കായി പോസ്റ്റ് പിന്‍വലിക്കുന്നുവെന്നും ജലീല്‍ കുറിച്ചു. വിവാദ പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെ കടന്നാക്രമിച്ച് പ്രതിപക്ഷവും ബിജെപിയും ഇന്നും രംഗത്തെത്തിയിരുന്നു. ജലീൽ പറഞ്ഞത് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയെന്നായിരുന്നു സിപിഎം നിലപാട്. ഇതിനിടെ ജലീലിനെതിരെ പോലീസില്‍ പരാതി ലഭിക്കുകയുണ്ടായി.

ആസാദ് കശ്മീർ, ഇന്ത്യന്‍ അധീന കശ്മീര്‍ പ്രയോഗങ്ങളില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നതോടെയാണ് കെ.ടി.ജലീലിന്റെ പിന്‍വാങ്ങല്‍. വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച എംഎല്‍എ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി സമ്മതിച്ചു. വിഷയത്തില്‍ ജലീലിനെ കടന്നാക്രമിച്ച് പ്രതിപക്ഷവും ബിജെപിയും ഇന്നും രംഗത്തെത്തുകയുണ്ടായി. രാജ്യദ്രോഹികളാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണ് ജലീലിന്റേതെന്ന് വി.ഡി.സതീശനും തുറന്നടിച്ചു.

ജലീലിനെ എം എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വി.മുരളീധരനും ബിജെപി സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടു.അതേസമയം കരുതലോടെയായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ പ്രതികരണം.

ഇതിനിടെ ജലീലിന്റെ ആസാദ് കാശ്മീർ പരാമർശത്തിൽ ഡല്‍ഹി തിലക് മാർഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഭിഭാഷകൻ ജി എസ് മണിയാണ് പരാതി നൽകിയത്.