courtesy. martinjoseph koottummel, kidilan trolls,fb

2022 ആഗസ്റ്റ് 13 ശനി

BREAKING NEWS

👉 ഇന്നലെ ന്യൂയോർക്കിലെ ചടങ്ങിനിടെ കുത്തേറ്റ വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു.

👉 സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച
ന്യൂജേഴ്സി സ്വദേശി 24കാരനായ ഹാദി മാറ്റാറെ പോലീസ് പിടിയിൽ.

👉 സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷം പ്രമാണിച്ച് രാജ്യത്തെ 20 കോടി ഭവനങ്ങളിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകൾ പുരോഗമിക്കുന്നു.

കേരളീയം

🙏കെഎസ്ആര്‍ടിസി ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപയില്‍ 15 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കി. ഇതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ പ്രതിസന്ധിക്കു പരിഹാരമായി. പമ്പുകളില്‍ ഡീസല്‍ എത്തി. നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും.

🙏രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11 ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍നിന്നാണു യാത്ര ആരംഭിക്കുക.

🙏എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി
ജയരാജനെ 1995 ല്‍ ട്രെയിനില്‍ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ ഈ മാസം 25 ന് വാദം കേള്‍ക്കും.

🙏മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്ക് 60 കോടി രൂപയുടെ പുതിയ കരാര്‍ ഈ മാസം 25 ന്. പുതിയ കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയില്‍നിന്ന് 75 കോടി രൂപ പിഴ ഈടാക്കുമെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

🙏തിരുവനന്തപുരത്തു
നിന്ന് എറണാകുളത്തേക്കുള്ള മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ടു മാറ്റിയ എസ്‌കോര്‍ട്ട് ജീപ്പിലെ പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

🙏മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആസാദ് കാഷ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന വിഘടനവാദികളുടേതാണ്. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ജലീലിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും മുരളീധരന്‍.

🙏ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ ടിസി ഹൈക്കോടതിയില്‍. ഡീസലിനുള്ള പണം ഉപയോഗിച്ചാണ് ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത്. 20 കോടി രൂപ തരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ധനവകുപ്പ് പാസാക്കിത്തന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.

courtesy. kidilan trolls,fb

🙏മല്‍സ്യത്തൊഴിലാ
ളികള്‍ പതിനാറാം തീയതി വിഴിഞ്ഞം തുറമുഖം ഉപരോധിക്കും. കരിങ്കൊടി കെട്ടി ബൈക്കു റാലി നടത്തും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനവും ആചരിക്കും. കരയിലും കടലിലും ഒരുമിച്ച് തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുമെന്നും സമരസമിതി മുന്നറിയിപ്പു നല്‍കി.

🙏ഇടുക്കിയില്‍ അളവുതെറ്റിച്ചു തയാറാക്കി വിതരണം ചെയ്ത ലക്ഷത്തിലേറെ ദേശീയപതാകകള്‍ തിരിച്ചുവാങ്ങുന്നു. കുടുംബശ്രീ തയാറാക്കിയ ദേശീയപതാകകളാണ് തിരിച്ചു വാങ്ങുന്നത്. 30 ലക്ഷത്തോളം രൂപയുടെ പതാകകളാണ് നിര്‍മാണത്തിലെ പിഴവുമൂലം തിരിച്ചു വാങ്ങുന്നത്.

🙏വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം.കൗള്‍. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പേരുചേര്‍ക്കാം. ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം. ഫോം 6 ബി ഉപയോഗിച്ച് ഓഫ്ലൈനായും ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

🙏മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാഷ്ട്രീയ തമാശയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

🙏പത്തു മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങും. ഇതിനായി 3.22 കോടി രൂപ അനുവദിച്ചു. പുതിയ വാഹനം വന്നാല്‍ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന പഴയ കാറുകള്‍ വിനോദ സഞ്ചാര വകുപ്പിനു തിരികെ നല്‍കും.

🙏അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയ്യേറി കുടിലുകള്‍ കത്തിച്ചെന്ന കേസില്‍ എച്ച്ആര്‍ഡിഎസ് ഭാരവാഹികളായ പ്രതികള്‍ക്കു ജാമ്യം. എച്ച് ആര്‍ ഡി എസ് പ്രസിഡന്റ് ഗുരു ആത്മ നമ്പി, വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാല്‍, ജോയി മാത്യു എന്നിവര്‍ക്കാണ് മണ്ണാര്‍കാട് എസ് സി എസ് ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

🙏’ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ബഹിഷ്‌കരിക്കുന്നതു സിപിഎമ്മിന്റെ നിലപാടല്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെങ്കിലും ഫേസ്ബുക്കില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു.

🙏നമ്മുടെ നാട് വികസിച്ചുകൂടെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു.

🙏പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍. വിശദമായ അന്വേഷണത്തിനുശേഷമേ ഭരണസമിതി അംഗങ്ങളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കൂ.

🙏നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. രേഖകള്‍ സ്പെഷ്യല്‍ കോടതിയില്‍നിന്ന് മാറ്റരുത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

🙏പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തിയ വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്.

🙏പ്രായപൂര്‍ത്തിയകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

🙏തൃശൂര്‍ അരിമ്പൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് മാല കവരാന്‍ ശ്രമം. അരിമ്പൂര്‍ നാലാംകല്ലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വൈകുന്നേരം നാലോടെയാണ് അക്രമം നടന്നത്.

🙏യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ലോയര്‍ ഡിവിഷന്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് (26) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ശ്രീജ (19) രണ്ടാഴ്ച മുമ്പാണു മരിച്ചത്.

🙏ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസുകാരന്‍ മരിച്ചു. ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂര്‍ വീട്ടില്‍ വിജേഷിന്റെ മകന്‍ വിദേവ് ചന്ദ്രനാണ് മരിച്ചത്.

🙏കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. പ്രതി സി.എച്ച് അഭിലാഷിനെ തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതിയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണം. 2015 ല്‍ പള്ളിയില്‍ ഒരു ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണു കേസ്.

🙏കൊച്ചി ചിലവന്നൂരില്‍ കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കാര്‍ യാത്രക്കാര്‍ക്കെതിരെയും കേസ്. റോഡു പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.

🙏കൊല്ലം ടോള്‍ പ്ലാസയില്‍ യുവാവിനെ അക്രമിച്ച സംഭവത്തില്‍ വര്‍ക്കല സ്വദേശി ലഞ്ജിത്തിനെ അറസ്റ്റു ചെയ്തു.

🙏വിനോദ സഞ്ചാരികള്‍ക്കു കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. വയനാട് മുത്തങ്ങ പുല്‍പ്പള്ളി റൂട്ടില്‍ വനപാതയിലൂടെ അറുപതു കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയാണ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

🙏വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് അതിവേഗ നിരീക്ഷണ കപ്പലായ ഐസിജിഎസ് അനഘ് കൈമാറി. വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയിലാണ് കപ്പല്‍ കൈമാറിയത്.

ദേശീയം

🙏മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

🙏മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും ഹൈക്കോടതിയില്‍. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്.

🙏ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഒന്നാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികളെ അവസാനിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

🙏ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ രാജ്യത്തിനു പ്രതീക്ഷ പകരുന്നുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാര്‍ ഉപ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവമായി കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ സിപിഎം ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

🙏ഗുരുതര രോഗം ബാധിച്ച സുഹൃത്ത് ദയാവധം തേടി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കുടുംബ സുഹൃത്തും മലയാളിയുമായ വനിത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എമിഗ്രന്റ്സ് ക്ലിയറന്‍സ് നല്‍കരുതെന്നാണ് ആവശ്യം. നാല്‍പതു വയസുള്ള നോയിഡ സ്വദേശിക്ക് മയാള്‍ജിക് എന്‍സിഫലോമിലിറ്റിസ് എന്ന രോഗമാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. 2014 ല്‍ രോഗം ബാധിച്ച യുവാവ് ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്.

🙏അമ്മയ്ക്കു പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറ് എന്ന ഗ്രാമത്തില്‍ സോനാദേവി(40) ആണ് കൊല്ലപ്പെട്ടത്. മകന്‍ പര്‍വേഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

അന്തർ ദേശീയം

🙏സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്കു നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു.രണ്ടുതവണ കുത്തേറ്റു. കുഴഞ്ഞു വീണ സല്‍മാന്‍ റുഷ്ദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി.

🙏പാക്കിസ്ഥാനുവേണ്ടി ചൈന നിര്‍മിച്ച് ജൂണില്‍ കമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ പിഎന്‍എസ് തൈമൂര്‍ ശ്രീലങ്കയില്‍. തിങ്കളാഴ്ചവരെ കൊളംബോ തുറമുഖത്തു നങ്കൂരമിടും. ശ്രീലങ്കന്‍ നാവികസേനയ്ക്കൊപ്പെ സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. ഇതേസമയം ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയിട്ടില്ല.

🙏അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസംഗ് മേധാവി ലീ ജെയ് യോങിന് ദക്ഷിണ കൊറിയ മാപ്പു നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ ലീ ജെയ് യോങിന് അവസരം നല്‍കുകയാണെന്ന് നിയമ മന്ത്രി ഹാന്‍ ഡോങ്-ഹൂണ്‍ പറഞ്ഞു.

കായികം

🙏വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം മുതല്‍. ഒരു മാസം നീണ്ടും നില്‍ക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ചിലാകും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

🙏ജാവലിന്‍ ത്രോയിലെ നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനെഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനുനേര ആക്രമണം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷം നാട്ടില്‍ തിരിച്ചെത്തി ആഡംബര ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ആന്‍ഡേഴ്സണെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ബോട്ടില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തത്.