കൊച്ചി.ഇ.പി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അടിയന്തര നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ, ഹർജിയിൽ ഈമാസം 25ന് അന്തിമ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു.


27 വർഷം പഴക്കമുള്ള വധശ്രമ ഗൂഢാലോചന കേസിലാണ് ഹൈക്കോടതി അന്തിമ വാദം കേൾക്കാൻ പോകുന്നത്. 1995 ഏപ്രിൽ 12ന് ഇ.പി. ജയരാജനെ രാജധാനി എക്സ്പ്രസിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ കെ. സുധാകരൻ പ്രതിയാണ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ സുധാകരൻ താമസിച്ചിരുന്ന 103ആം നമ്പർ മുറിയിൽ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം.

2016 ൽ തിരുവനന്തപുരത്തെ കോടതിയിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ഹർജിയിൽ അന്തിമവാദത്തിന്റെ തീയതി നിശ്ചയിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ പുതിയ ആവശ്യമുന്നയിച്ചത്. ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ പ്ളീഡർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ഈമാസം 25ന് അന്തിമ വാദം കേൾക്കാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.