തിരുവനന്തപുരം.കശ്മീരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വിവാദത്തില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്. വിഷയത്തില്‍
ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

പഞ്ചാബ്, കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.ടി.ജലീലിന്റെ വിവാദ പരാമര്‍ശം. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടുവെന്ന് പോസ്റ്റില്‍ കെ.ടി.ജലീല്‍ പറയുന്നു. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നതായും ജലീല്‍ കുറിക്കുന്നുണ്ട്. ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്ന അത്യന്തം ഗുരുതരമായ പരാമര്‍ശവും ഫേസ്ബുക്ക് പോസ്ററിലുണ്ട്. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന പദങ്ങളാണ് ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ എന്നതും പോസ്റ്റിന്റെ ഗൗരവ സ്വഭാവം കൂട്ടുന്നു. അതേസമയം കെ.ടി ജലീലിൻ്റെ പരാമർശം പരിശോധിച്ച് പറയാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ഇതിനിടെ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെതിരെന്ന് വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും കെ.ടി.ജലീലിനെതിരെ വ്യാപക വിമര്‍ശനം ശക്തമായിട്ടുണ്ട്